കെ.ജി.സൂരജ് |
തിരക്കു പിടിച്ച ഒരു പതിവു പ്രവര്‍ത്തി ദിനത്തിലെ നട്ടുച്ച നേരത്താണ് ഒരുപാടു ഫോര്‍വേഡഡ് മെയിലുകള്‍ക്കൊപ്പം ആ കത്തും വന്നത്. ഹൃദയസ്പൃക്കുകളായ കവിതകളിലൂടെ ബ്ളോഗുകളിലെ നിറസാന്നിദ്ധ്യമായ രമ്യ ആന്റണി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നതായിരുന്നു ഉള്ളടക്കം. ഓര്‍മ്മകളിലേയ്ക്ക് ചിരിയ്ക്കുന്ന ഒരു കുഞ്ഞു മുഖം ഫ്ളാഷ് ചെയ്തു. ഓണ്‍ലൈന്‍ വായനയുടെ പതിവു സഞ്ചാരങ്ങള്‍ക്കിടയില്‍ ഏറെ യാദൃശ്ചികമായാണ് രമ്യയെ വായിച്ചത്. നെഞ്ചിലേക്ക് കണ്ണു ചൂണ്ടി . . . മൃദുവായ് കൈ പിടിയ്ക്കുന്ന നാലു കവിതകള്‍ . . . ; ഒരായിരം ചോദ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചവ . . . അപരിചിതയായ കവയത്രിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സാമൂഹ്യ ശൃംഘലയായ ഓര്‍ക്കുട്ടിലാണ് അവസാനിച്ചത്. അപൂര്‍വ്വം ചില സന്ദേശങ്ങള്‍. . ഇടയ്ക്കൊരു രണ്ടു വരിക്കവിത. . പുഞ്ചിരിയിലൊതുങ്ങുന്ന അഭിവാദനങ്ങള്‍. . അതിനപ്പുറം രമ്യ ഒന്നും മിണ്ടിയതേയില്ല. . . !
ഫ്രെണ്ട്സ് ഓഫ് രമ്യ ഓര്‍ക്കുട്ടില്‍
രമ്യയുടെ വിശേഷങ്ങള്‍ പങ്കുവെച്ച കത്ത് പിന്നീടു പറഞ്ഞത് അപ്പെന്റിസൈറ്റിസ് ശസ്ത്രക്രിയക്കു വിധേയയായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കവയത്രിയുടെ വിവരങ്ങളാണ്. അന്നു വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ്ജുണ്ടാകുമത്രേ. ദീര്‍ഘനാള്‍ നീണ്ട ചികിത്സയുടെ ഭാഗമായി ഭാരിച്ച തുക ബില്ലിനത്തില്‍ അടച്ചു തീര്‍ക്കേണ്ടതുണ്ട്. അതിനായി മുപ്പതിനായിരം രൂപ അടിയന്തിരമായി കണ്ടെത്തേണ്ടതിനാല്‍ സുഹൃത്തുക്കളുടെ പിന്തുണ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ച് മൊബൈയില്‍ നമ്പറോടെ കത്തവസാനിച്ചു.
സുഖകരമായ ഏതോ ring tone അവസാനിക്കുന്നതിനു മുന്‍പേ അവളുടെ ക്ഷീണിച്ച ശബ്ദം മെല്ലെ ഉയര്‍ന്നു . ഓണ്‍ലൈന്‍ സൌഹാര്‍ദ്ദത്തിന്റെ ഓര്‍മ്മകളിലാകണം, പരിചയപ്പെടുത്തലുകളുടെ ഔപചാരികതകള്‍ അശേഷം അവശേഷിപ്പിക്കാതെ വേദനയുടെ ഞരങ്ങലിലും രമ്യ സംസാരിച്ചു തുടങ്ങി.ഉടനടി കാണാമെന്ന ഉറപ്പില്‍ സാമ്പത്തിക പിന്തുണ പൂര്‍ണ്ണമായുറപ്പിച്ച് സംഭാഷണമവസാനിപ്പിക്കുമ്പോള്‍ അടിയന്തിരമായി കണ്ടെത്തേണ്ട ഭാരിച്ച തുകയുടെ വലിപ്പം എന്തുകൊണ്ടോ അസ്വസ്ഥമാക്കിയതേയില്ല. ആശുപത്രിയിലേയ്ക്കു തിരിക്കും മുന്‍പേ നേരില്‍ കണ്ടിട്ടില്ലാത്തവരടക്കം അന്‍പതോളം സുഹൃത്തുക്കള്‍ക്ക് വിവരങ്ങള്‍ സൂചിപ്പിച്ച് ഒരു കത്തു തയ്യാറാക്കി. രമ്യയെ കണ്ടു തിരിച്ചെത്തിയാലുടന്‍ വിശദാംശങ്ങള്‍ എഴുതാമെന്ന അടിക്കുറിപ്പോടെ ആ കത്ത് ഭൂമിയുടെ ഭിന്ന കോണുകളിലേയ്ക്ക് പറന്നു. പത്തു മിനിറ്റിന്റെ ഇടവേളക്കപ്പുറം സാമ്പത്തിക പിന്‍തുണയുറപ്പു നല്‍കി സുഹൃത്തുക്കള്‍ പ്രതികരിച്ചു തുടങ്ങി.
മേഘങ്ങളിലേയ്ക്ക് കണ്ണുപായിച്ച് . . .
എട്ടു നിലകളിലായി പടര്‍ന്നു പന്തലിച്ച അതിവിശാലമായ ആശുപത്രി സമുച്ചയം. മൂന്നാം നിലയിലെ ആദ്യത്തെ മുറിയാണ് രമ്യയുടേത്. മുറ്റത്തെ വമ്പന്‍ അരയാല്‍ മരത്തിലേയ്ക്ക് തുറക്കുന്ന ജനാലക്കരികിലാണ് രമ്യയുടെ കിടക്ക. മേഘങ്ങളിലേയ്ക്ക് അലക്ഷ്യം കണ്ണുപായിച്ച് രമ്യ കിടക്കുന്നു. അരികിലായി നാലഞ്ചു കൂട്ടുകാര്‍. അവരെല്ലാം രമ്യയുടെ സഹപ്രവര്‍ത്തകരാണ്. ആശുപത്രി ദിവസങ്ങളില്‍ കൂട്ടിരിക്കുന്നവര്‍. കട്ടിലിനോട് ചേര്‍ന്ന് ഒരല്‍പ്പം സ്ഥലം എനിയ്ക്കും കിട്ടി. പണിപ്പെട്ടെങ്കിലും രമ്യ അല്‍പം ഉയര്‍ന്നിരുന്നു. പെട്ടെന്നാണ് രണ്ടൂന്നുവടികള്‍ ശ്രദ്ധയില്‍ പെട്ടത്. പുതപ്പിനടിയില്‍ അവളുടെ ദുര്‍ബലമായ കാലുകള്‍, അപ്രതീക്ഷിതമായിരുന്നു ആ അറിവ്. കവിതകളില്‍ പ്രതീക്ഷയോടെ ജീവിതം കുറിച്ചിട്ട, ആ കൊച്ചു പെണ്‍കുട്ടിയെ ഊന്നുവടികളില്‍ സങ്കല്‍പ്പിക്കുക. അസാധ്യമായിരുന്നു. അമ്പരപ്പു മാറും മുന്‍പേ ഊന്നുവടികളില്‍ ഊര്‍ന്നിറങ്ങി രമ്യ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു . . .
പകല്‍ രാത്രികളാകുമ്പോള്‍ . . .
എറണാകുളം ജില്ലയിലെ ആലുവയിലാണ് രമ്യയുടെ ജനനം. അച്ഛന്‍ ആന്റണി, അമ്മ ജാനറ്റ്, കൂലിപ്പണിയാണ്, കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. കുഞ്ഞുനാളിലേ പോളിയോ ബാധിതയായ രമ്യ, മൂന്നു വയസ്സു മുതല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്തെ പോളിയോ ഹോമില്‍. ഏറ്റവും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ . . . മനസ്സിനും ശരീരത്തിനിമിടിയിലെ കനിവില്ലാത്ത അകലം . . . ഇതിനെല്ലാമിടയിലും ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കി ഈ കൊച്ചു മിടുക്കി പഠിച്ചതെല്ലാം പൊന്നാക്കി ക്കൊണ്ടിരുന്നു. ഫസ്റ് ക്ളാസ്സോടെ എസ്സ്.എസ്സ്.എല്‍.സി. ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലും ഉന്നത വിജയം. . . . കോവളത്തെ ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് അസിസ്റന്റ് ലൈബ്രറിയനായി ജോലി. പരിമിതികളെ നിഷ്പ്രഭമാക്കുന്ന അതിജീവനത്തിന്റെ ഉജ്ജ്വല ക്രഡന്‍ഷ്യല്‍. . . ഈ മികവാര്‍ന്ന തിളക്കങ്ങള്‍ക്കു പിന്നില്‍ രാത്രികളെ പകലുകളാക്കിയ പഠനത്തിന്റെ തപസ്യയും വേദനകളാല്‍ സ്ഫുടം ചെയ്ത കണ്ണീരിന്റെ ഉപ്പുരസവുമുണ്ടെന്ന് കൂട്ടുകാര്‍ സാക്ഷ്യം ചെയ്യുന്നു.
രമ്യയുടെ അമ്മയും അനുജത്തിയും വല്ലാതെ പരിഭ്രാന്തരായി ആശുപത്രിയിലുണ്ട്. ജീവിതത്തോട് അസാധാരണമാം വിധം പടവെട്ടിയ ആ അമ്മയുടെ മുഖം വല്ലാതെ കരിവാളിച്ചിരുന്നു. നടന്നു നടന്നു തേഞ്ഞു തീര്‍ന്ന ചെരുപ്പുകള്‍ . . . രാമചന്ദ്രാ ടെക്സ്റ്റെല്‍സിന്റെ മുദ്രണത്തോടു കൂടിയ ചുളുങ്ങിയ പ്ളാസ്റിക്ക് കവറില്‍ ഫ്ളാസ്ക്കും പാത്രങ്ങളും. . . ബില്‍ തുകയൊടുക്കിയ വിവരമറിയിച്ച് യാത്രപറയാനിറങ്ങുമ്പോള്‍ രമ്യയുടെ സുഹൃത്തുക്കളിലൊരാള്‍ മറ്റു ചിലതു കൂടി പങ്കു വെച്ചു. വീട്ടിലേക്കുള്ള വഴി സുദീര്‍ഘമാണ്. മുറിവുണങ്ങാത്ത ശരീരവുമായി ഈ ദൂരമത്രയും യാത്ര ചെയ്യുക ദുഷ്ക്കരവും. . . മാത്രവുമല്ല ഇടക്കിടെ പരിശോധനകള്‍ക്ക് ആശുപത്രിയില്‍ എത്തേണ്ടതുണ്ടുതാനും. ഇത്തരമൊരു സാഹചര്യത്തില്‍ വീട്ടിലേയ്ക്കുള്ള മടക്കം രമ്യയും ആഗ്രഹിക്കുന്നില്ലത്രേ. . .താമസത്തിന് മറ്റൊരിടം കണ്ടെത്തേണ്ടതുണ്ട്. പ്രസ്തുത വിവരം അമ്മയെ ധരിപ്പിക്കാന്‍ രമ്യയും സുഹൃത്തുക്കളും ചേര്‍ന്ന് ചുമതലപ്പെടുത്തുമ്പോള്‍ ആദ്യമോര്‍മ്മിച്ചത് എസ്. എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എസ്.താരയെ ആയിരുന്നു. കോടതിത്തിരക്കുകളില്‍ നിന്നും താര പാഞ്ഞെത്തി. യാദൃശ്ചികമായി ആശുപത്രിയിലുണ്ടായിരുന്നു പെരുമ്പടവം ശ്രീധരന്‍ സാറും മറ്റുള്ളവരും ചേര്‍ന്ന് ആ അമ്മയെ വിവരങ്ങള്‍ ബോധ്യപ്പെടുത്തി. വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സ്നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥനകള്‍ക്കു വഴങ്ങുകയേ അമ്മയ്ക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒരു കുരുവിയുടെ ഭാരം
പതിനഞ്ചിലധികം ദിവസങ്ങളെടുക്കും മുറിവുകള്‍ ഭേദമാകാന്‍. ഉടനടി മുറിയൊഴിയേണ്ടതുണ്ട്, സിസ്റ്റര്‍മ്മാര്‍ കാത്തു നില്‍ക്കുന്നു. ചെറിയൊരനക്കത്തില്‍ പോലും ശരീരം വേദനിക്കുന്ന ആ കുഞ്ഞനുജത്തിക്ക് താല്‍ക്കാലികമായെങ്കിലും താമസസൌകര്യം കണ്ടെത്തുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചു. നിരവധി സുഹൃത്തുക്കളുമായി പലവട്ടം ബന്ധപ്പെട്ടു. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തക പി.ഇ.ഉഷയുടേയും ഡോ.സീമാ ഭാസ്ക്കറിന്റേയും ഇടപെടലോടെ കേരള മഹിളാ സമാഖ്യ സൊസൈറ്റിയുടെ ഷോര്‍ട്ട് സ്റേ ഹോമില്‍ താമസസൌകര്യം ക്രമീകരിക്കപ്പെട്ടു. അമ്മയ്ക്കും രമ്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വഴുതക്കാട്ടെ ഷോര്‍ട്ട് സ്റേ ഹോമിലെത്തുമ്പോള്‍ നേരമേറെ വൈകിയിരുന്നു. വാഹനത്തില്‍ നിന്നും നടന്നിറങ്ങാന്‍ രമ്യക്കാകുമായിരുന്നില്ല. ഇരുകൈകളിലുമുയര്‍ത്തി സന്ദര്‍ശകമുറിയിലെ ചുവന്ന കസേരയിലിരുത്തുമ്പോഴും രമ്യയുടെ കണ്ണുകളില്‍ മയക്കം വിട്ടിരുന്നില്ല. ‘ഒരു കുരുവിയുടെ ഭാരം പോലുമില്ലാത്ത കുഞ്ഞു ശരീരം. . .’ ഷോര്‍ട്ട് സ്റേ ഹോമിലെ നടപടികള്‍ അവസാനിച്ചിരിക്കുന്നു. രമ്യക്കിഷ്ടമുള്ളിടത്തോളം അവിടെക്കഴിയാം. സുഖപ്പെടുമ്പോള്‍ ജോലിയില്‍ പ്രവേശിക്കുകയുമാകാം. സംഘര്‍ഷങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും പ്രതിസന്ധികളുടേയും നീണ്ട പകലിനൊടുവിലെ സന്തോഷകരമായ സായാഹ്നം. . . ‘രമ്യ ഹാപ്പിയാണ് . . .’
നൂറു സൂര്യന്മാര്
കഴിഞ്ഞു പോയ പകല്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കു മറുപടിയെഴുതി. രമ്യയുടെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് സാമ്പത്തിക പിന്തുണ എത്തിത്തുടങ്ങി. പലരും ഒരിക്കല്‍പ്പോലും പരസ്പരം കണ്ടിട്ടില്ലാത്തവര്‍. സാമൂഹ്യ ശൃംഘലകളിലൂടെ സൌഹൃദം കോര്‍ത്തവര്‍. . . . അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാഹിത്യകാരന്‍ ജെ.ജാക്ക് ഡെന്നീസ്, ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുന്ന സംഗീതജ്ഞന്‍ നിശീകാന്ത്, കവികള്‍ ഡോ.ദീപ ബിജൊ അലക്സാണ്ടര്‍, ബാബു രാമചന്ദ്രന്‍, സന്ധ്യ എസ്.എന്‍, ജ്യോതിബായ് പരിയാടത്ത്, ഡോ. ശ്രീകല.കെ.വി, തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ഒരു പാടു സുമനസ്സുകള്‍ . . .
പരിശോധനകള്‍ക്കു വേണ്ടിയുള്ള ആശുപത്രി യാത്രകള് . . . പുതുതായ് പരിചയപ്പെട്ട സുഹൃത്തുക്കളുടെ സന്ദര്‍ശനങ്ങള്‍. . . രമ്യയുടെ ദിവസങ്ങള്‍ സജീവമാണ്. . . കഴിഞ്ഞ ദിവസം സംസാരിച്ചത് കവിതകളെക്കുറിച്ചാണ്. . . ‘നിന്റെ കവിതകള്‍ നമുക്ക് പുസ്തകമാക്കാം. . . അതിന് എഴുത്ത് വേഗത്തിലാക്കേണ്ടതുണ്ട് . ’
രമ്യയുടെ കണ്ണുകളില്‍ ഒരു നൂറു സൂര്യന്മാര് .
ഒറ്റയ്ക്കിരിക്കുമ്പോള്‍ കവിത പാകാന്‍ ഇളം നീലനിറമുള്ള സ്വകാര്യഡയറി . . . . .
വായന. . . . . സൌഹൃദങ്ങള്‍ . . . . ഒത്തുചേരലുകള് . . . .
തുന്നികെട്ടലുകളുടെ വേദനകളറിയാത്ത സ്നേഹമുള്ള ദിവസങ്ങള്‍.
തിരക്കു പിടിച്ച ജീവിതങ്ങള്‍ക്ക് പൊതുവേ റോക്കറ്റു വേഗമാണ്. . . . . . പതിനഞ്ചു ദിവസങ്ങള്‍ വെടിച്ചീളു പോലെ തെറിച്ചു പോയിരിക്കുന്നു. രമ്യ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. പിന്‍തുണയ്ക്കും കരുതലിനും സ്നേഹമറിയിച്ച് രമ്യയുടെ ഫോണ്‍ കോളുകളും ഇ-മെയ്ലുകളും തലങ്ങും വിലങ്ങും പാഞ്ഞു. സൌഹൃദങ്ങളുടെ പുതിയ ഇടങ്ങള്‍ നിരവധിയുണ്ടായി. ഓര്‍ക്കുട്ടിലും, ഫെയ്സ്ബുക്കിലും കൂട്ടത്തിലുമെല്ലാം വിപുലമായ കൂട്ടായ്മകള്‍ രൂപീകരിക്കപ്പെട്ടു. ബ്ളോഗുകളില്‍ (http://www.shalabhaayanam.blogspot.com/) കവിതകള്‍ നിറയാന്‍ തുടങ്ങി. കണ്ണീരും സ്വപ്നങ്ങളും ഇടകലര്‍ന്ന ഈ കവിതകളിലാകെ അശാന്തമായ ജീവിതവും അതിജീവനത്തിന്റെ കരുത്തും രമ്യ കുറിച്ചിട്ടു. പ്രണയം, അരക്ഷിതാവസ്ഥകള്‍ , രോഗം, ഒറ്റപ്പെടല്‍ , നഷ്ടങ്ങള് , പ്രതീക്ഷ തുടങ്ങി തന്നില്‍ കത്തിപ്പിടിച്ചതെന്തും രമ്യ കനലാക്കി മാറ്റി.
മൌസ്ക്ളിക്കുകള്‍ പോലെ ആറുമാസങ്ങള്‍ അതിവേഗം കഴിഞ്ഞു പോയി. ഏതോ ഒരു തിങ്കള്‍പ്പകലിലെ കൊല്ലുന്ന ചൂടില്‍ എവിടേക്കോ ബൈക്കോടിക്കുമ്പോഴാണ് സുഹൃത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടറുടെ സന്ദേശം മൊബൈലില്‍ ശബ്ദമുണ്ടാക്കിയത്.
‘Remya has got a swelling in the tongue.
It is suspected to be cancer.
She is admitted in the regional cancer center'...
ജീവന്റെ ചൂട് . . . .
സ്റ്റാച്യുവിലെ രമേശേട്ടന്റെ പുസ്തകക്കടയില്‍ നിന്നും വാങ്ങിയ, ദേശാഭിമാനി വാരിക ബാഗില്‍ സൂക്ഷിച്ച് നാലുമണിയോടെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെത്തി.
അര്‍ബുദവാര്‍ഡുകള്‍ കണ്ടിട്ടുണ്ടോ . . . ?
അതി വിശാലമാണവ . . .
പാദരക്ഷകള്‍ പുറമേ സൂക്ഷിച്ച്, ഉള്ളിലേയ്ക്കു പ്രവേശിക്കാം . . . .
ഒരേ താളത്തില്‍ വട്ടം കറങ്ങുന്ന ഒരു നൂറു ഫാനുകളുണ്ടവിടെ . . .
വല്ലാത്ത സംഘബോധമാണവയ്ക്ക് . . . .
കടുംപച്ച നിറമുള്ള കിടക്ക വിരികള്‍ . . .
തൂവെള്ള യൂണിഫോമുകളില്‍ സിസ്റര്‍മാര്‍ . . . .
കിടക്കകള്‍ക്കരികില്‍ ഡ്രിപ്പ് സെറ്റുകള്‍ . . .
മണമില്ലാത്ത മരുന്നുകള്‍ . . .
ജീവന്‍ വഹിക്കുന്ന ഓക്സിജന്‍ സിലണ്ടറുകള്‍ . . .
പിന്നെ വേദനകളില്‍ .,
ഞരങ്ങുകയോ. . . കരയുകയോ . . .
പുളയുകയോ . . . ചൂളുകയോ . . . ചെയ്ത്,
അര്‍ത്ഥരഹിതമായി എന്തൊക്കെയോ പുലമ്പുന്ന
കുറേ പച്ച മനുഷ്യര്‍ . . .
തീ തിന്നുന്ന കൂട്ടിരിപ്പുകാര്‍ . . .
പലതരം കാഴ്ചകള് . ; . ധൈര്യം ചോരുന്നവ . . .
കണ്ടുപിടിക്കാന്‍ അധികനേരമെടുത്തില്ല. നീണ്ട ഇടനാഴിയുടെ ഇടതു വശത്തെ കട്ടിലുകളിലൊന്നില്‍ രമ്യ കിടക്കുന്നു. . . ഓക്സിജന്‍ സിലണ്ടറിനു മേല്‍ ചാരി വെച്ച ഊന്നുവടികള്‍ . . .
'രമ്യ, പ്രകാശമില്ലാതെ പുഞ്ചിരിച്ചു . . .'
മൌനം ഭേദിച്ച് ശുഷ്ക്കമായ കൈത്തണ്ടയില്‍ വിരലമര്‍ത്തി ചില സുഖാന്വേഷണങ്ങള് . . . . ആഴ്ചപ്പതിപ്പിലെ ഏതോ ഒരു കഥയെക്കുറിച്ചായി പിന്നീടു വര്‍ത്തമാനം. അവളതു മറിച്ചു നോക്കിക്കൊണ്ടിരുന്നു . .
‘ഭയം മനുഷ്യനെ ഭക്ഷിക്കുക പലനിലകളിലാണ് . . .
ഇളം ചൂടാര്‍ന്ന പ്രകാശമുള്ള മുറിയില്‍
ഒരു പൂച്ചയെപ്പോലെ അതു പതുങ്ങിയെത്തും . . . . .
ശരീരഭിത്തികളില്‍ കാല്‍ത്തണുപ്പു വീഴ്ത്തി
ജാഗ്രതയോടെ പടര്‍ന്നു കയറും.
ചിന്തകളേയും സ്വപ്നങ്ങളേയും കാര്‍ന്നു തുടങ്ങും . . .
രക്തം മെല്ലെ ഉറയും . . .
ബോധം ചുളിയും . . .
മനസ്സു പതറും . . .
മുഖം വികൃതമാകും . . .
പ്രതിരോധങ്ങള്‍ വെറും പരാക്രമങ്ങളാകും . . .
ഭയമില്ലാത്തവരുടെ പ്രതികരണങ്ങളാകും അസഹ്യമാകുക . . .’
ആരെയും ഭയപ്പെടുത്താന്‍ തക്ക പ്രഹരശേഷിയാണ് അര്‍ബുദവാര്‍ഡുകള്‍ക്കുള്ളത്. . . കാഴ്ചകള്‍ രമ്യയേയും അസ്വസ്ഥമാക്കിയിരിക്കുന്നു . . . ഇടക്കിടെ ഒഴിയുന്ന കട്ടിലുകളാണ് ഇവിടങ്ങളിലെ പ്രധാന സവിശേഷത . . . മൃതദേഹങ്ങളുടെ ചൂടൊഴിയും മുന്‍പേ പുതിയ ശരീരങ്ങള്‍ കിടക്കകളില്‍ നിറയുന്നു. . . . എല്ലാ മുഖങ്ങള്‍ക്കും ഒരു ഭാവം . . . ഒരേ രൂപം . . . വിയര്‍പ്പിന് പോലും സമാനഗന്ധം. . . .അവയവങ്ങള്‍ നഷ്ടമായവര് . . . .
റേഡിയേഷന്‍ ചൂടില്‍ എല്ലാം കരിഞ്ഞവര്‍. . . .
എല്ലും തോലും ഒന്നായ് മാറിയോര്‍ . . . .
ഹൃദയപൂര്‍വ്വം അവരിലൊരാളാകാനോ ഒന്നു ചിരിക്കുവാന്‍ പോലുമോ കഴിയാത്ത നിസ്സഹായത. . .എപ്പോഴുമെന്നപ്പോലെ രമ്യയോടു സ്വാഭാവികമായി സംസാരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ‘രോഗം അഭിനയിച്ചു കിടപ്പു നിര്‍ത്തി കവിതകളെഴുതാന്‍ നിര്‍ബന്ധിച്ചു. . . . ചിരിച്ചു കൊണ്ടാണവള്‍ അതാസ്വദിച്ചത്. നിലവിലുള്ള ആശുപത്രിവാസം പരിശോധനകള്‍ സുഗമാക്കാനാവശ്യമായ താല്‍ക്കാലിക വിശ്രമമാണെന്ന് ബോധ്യപ്പെടുത്തി. മുന്‍പു തന്നെ തീരുമാനിക്കപ്പെട്ടിരുന്ന കവിതാസമാഹാരം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന അറിയിപ്പ് രമ്യയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. . . ഭയത്താല്‍ മുറുകിയിരുന്ന മുഖത്തേയ്ക്ക് രക്തം ഇരച്ചു വന്നു. . . തണുത്തുറഞ്ഞ കൈവെള്ളകളില്‍ ജീവന്റെ ചൂട്.
“ചേട്ടാ, ഞാനാകെ നാലു കവിതകളല്ലേ എഴുതിയിട്ടുള്ളൂ. പിന്നെങ്ങനെ പുസ്തകമുണ്ടാകും”
ചോദ്യം ന്യായമായത്. . .
രമ്യ കവിത കുറിക്കാറുള്ള സ്വകാര്യ ഡയറിയെക്കുറിച്ച് പെട്ടെന്നാണോര്‍മ്മ വന്നത്. . . .
‘സ്വകാര്യ ഡയറികള്‍ . . . . ആത്മഭാഷണങ്ങളത്രേ . . . .
കൃത്രിമങ്ങളുടെ നിറം പുരളാത്ത ജീവിതത്തിന്റെ ബ്ളാക്ക് ബോക്സ്സുകള്‍ . . . .”
നിന്റെ സ്വകാര്യ ഡയറി എനിക്കു തരൂ. . . കവിതകള്‍ കണ്ടെത്തിക്കൊള്ളാം. . .
ഇതാവശ്യപ്പെടുമ്പോള് സ്വകാര്യത ... കടന്നുകയറ്റം .....തുടങ്ങി ന്യായമായ ചിന്ത കളൊന്നും ഇരുവരേയും ബാധിച്ചില്ല .
രണ്ടു മനുഷ്യര്‍ ഒന്നാകുമ്പോള്‍ അതിരുകള്‍ അപ്രസക്തമാകു മായിരിക്കാം .. ദാഹത്തിനു ജലം എന്നതു പോലെയാണ് വിഷമത്തിനു കണ്ണീര് . അതിനു ലിംഗഭേദങ്ങളില്ലല്ലോ ...കര്‍ ച്ചീ ഫിനു കണ്ണു കൊടുക്കാതെ അടുത്ത ദിവസം കാണാമെന്ന ഉറപ്പില്‍ രമ്യയോടു യാത്ര പറഞ്ഞു .
ഭീതികളുടെ പുറംതോടു മുറിഞ്ഞിരിക്കുന്നു. .
'രമ്യ പ്രസരിപ്പോടെ പുഞ്ചിരിച്ചു.'
അമ്മയേയും അച്ഛനേയും പെങ്ങളേയും കണ്ടു. . . സമാധാനിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. . രമ്യയുടെ കൂട്ടുകാരന്‍ ജോഷിയെ പരിചയപ്പെട്ടു. ഓര്‍ക്കുട്ടില്‍ കണ്ടുമുട്ടിയതാണവര്‍. രമ്യക്കൊപ്പം പൂര്‍ണ്ണസമയം ജോഷിയുമുണ്ട്.
മടക്കം ആത്മപരിശോധനകളുടേതായിരുന്നു. . . അര്‍ബുദവാര്‍ഡുകള്‍ കണ്ടിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ഒരിക്കലെങ്കിലും അതു കാണേണ്ടതുണ്ട്. അശോകമരച്ചുവട് ഗൌതമബുദ്ധനെ സൃഷ്ടിച്ചുവെങ്കില്‍ അര്‍ബുദവാര്‍ഡിലെ കാഴ്ചകള്‍ ആധുനിക മനുഷ്യനെ അഹങ്കാരങ്ങളില്‍ നിന്നും പരിവര്‍ത്തനപ്പെടുത്തുമെന്നതില്‍ അശേഷം സംശയമില്ല. സ്ക്കിന്നികളില്‍, പെന്‍ഫിറ്റുകളില്‍. ത്രി-G കളില്‍ , സഞ്ചരിക്കുന്ന കൊട്ടാരങ്ങളില്‍ മാത്രം ജീവിതം കണ്ടെത്തുന്നവര്‍ക്ക് ഇവിടത്തെ കാഴ്ചകള്‍ മാര്‍ഗ്ഗദര്‍ശ്ശികളാകും ; ഉറപ്പ്.
സീമ ടീച്ചറുടെ കത്ത്
ഡോക്ടര്‍ സെസ്സലിന്റെ പരിചരണത്തിലാണ് രമ്യയിപ്പോള് . രോഗം പഴക്കമുള്ളതിനാല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വരും. റേഡിയേഷനില്‍ ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ‘സാധ്യമായ എല്ലാ ശ്രമങ്ങളും നമുക്കു നടത്താം.’ അദ്ദേഹം പറഞ്ഞു നിര്‍ത്തി. പ്രാഥമിക പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ താല്ക്കാലികമായി രമ്യ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടും. പത്തു ദിവസങ്ങള്‍ക്കകം തുടര്‍ചികിത്സകള്‍ക്കായി വീണ്ടും എത്തിച്ചേരേണ്ടതുണ്ട്. ദിവസങ്ങളോളം നീളുന്ന റേഡിയേഷന്‍ . . . വില കൂടിയ മരുന്നുകള്‍. ആശുപത്രിയുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവുകള്‍. . . ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പെടാപ്പാടു പെടുന്ന കുടുംബത്തിന് അത് താങ്ങാനാവുമായിരുന്നില്ല.
രാത്രിയോടെ വിവരങ്ങള്‍ സൂചിപ്പിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും വിശദമായെഴുതി. ‘ഞെട്ടലുകള്‍ . . . . പ്രാര്‍ത്ഥനകള്‍ . . . . അന്വേഷണങ്ങള്‍ . . . . ’ ഇന്‍ബോക്സ് നിറഞ്ഞുകവിഞ്ഞു. രമ്യയെ . . . . കവിതകളെ . . . . ; ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവരുടെ ആകുലതകളാല്‍ പാതിരാത്രിയിലും മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു.
ആശങ്കകള്‍ പങ്കു വെച്ച് ഡോ. ടി. എന്‍. സീമ ടീച്ചറുടെ കത്താണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ചികിത്സയുടെ വിശദാംശങ്ങള്‍ അതുമായി ബന്ധപ്പെട്ട ചിലവുകള്‍ ഇവയെല്ലാം അന്വേഷിച്ച് ഫോണ്‍ കോളും. ഏറ്റവും അടിയന്തിരമായി ടീച്ചര്‍ക്ക് രമ്യയെ കാണണമത്രേ.
ഡിസ്ചാര്‍ജിന് ശേഷം ഇടവിട്ടുള്ള ദിവസങ്ങളിലാണ് റേഡിയേഷനുള്ളത്. അതിനായി ആര്‍.സി.സി യില്‍ എത്തേണ്ടതുണ്ട്. നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള വാടകവീട്ടില്‍ നിന്നും ഈ ദൂരമത്രയും യാത്ര ചെയ്യുക അതീവ ദുഷ്ക്കരവും. . . . .
മെഡിക്കല്‍ കോളേജിനടുത്ത് ഒരു വാടകവീടു കണ്ടെത്തിക്കഴിഞ്ഞു.
നിശ്ചയിച്ച പ്രകാരം എ.കെ.ജി. സെന്ററിലെത്തി. ടീച്ചര്‍ റെഡി. . . . ഒപ്പം ജയരാജ് സാറും. . . .
രണ്ടു നിലകളാണ് ആ വീടിനുള്ളത്. ചായം നരച്ച ചുമരുകളോടു ചേര്‍ന്ന ഗോവണിയിലൂടെ മുകളിലേയ്ക്കു നടക്കാം. . . .
നാലു കുടുസ്സുമുറികള്‍. അതിലൊന്നില്‍ രമ്യ കിടക്കുന്നു. . . . . ക്ഷീണിച്ചൊരു പുഞ്ചിരിയോടെ രമ്യ ഞങ്ങളെയഭിവാദ്യം ചെയ്തു. ഒരു സ്റൂളൊഴികെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.
റേഡിയേഷന്‍ ചൂടില്‍ പൊഴിയാന്‍ തുടങ്ങിയ തലമുടിയ്ക്കു മേല്‍ ചിത്രപ്പണികള്‍ തുന്നിയ പിങ്ക് സ്ക്കാര്‍ഫ് ചുറ്റിയിരിക്കുന്നു. . . . . ടീച്ചര്‍, രമ്യയോടു ചേര്‍ന്നിരുന്നു. കുഞ്ഞു നെറ്റിയില്‍ വിരലോടിച്ചു. കവിതകളെക്കുറിച്ചായി പിന്നീടു വര്‍ത്തമാനം. ‘നിന്റെ പുസ്തകം നമുക്കുടനേ ഇറക്കണം. ഇത് കവിതകളെഴുതുന്നതിനുള്ള താല്ക്കാലിക അവധിയാണ്.’ മൌനം ഘനീഭവിച്ച ചെറിയ മുറിയില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി. ടൈഗര്‍ ബിസ്ക്കറ്റും ചൂടുള്ള ചായയുമായി അമ്മയെത്തി. . . . ജീവിതത്തിനും കവിതയ്ക്കും നിറഞ്ഞ പിന്തുണയുറപ്പിച്ച് മഴയില്‍ കുതിര്‍ന്ന പടികളിറങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ മുഖം മിനുക്കാന്‍ തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ ചിലതു കഴിഞ്ഞിരിക്കുന്നു. റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങി ചികിത്സയുടെ വിവിധ ഘട്ടങ്ങളിലാണിപ്പോള്‍ . . . വില കൂടിയ ചില മരുന്നുകള്‍ പുറമെ നിന്നും വാങ്ങേണ്ടതുണ്ട്. സാമ്പത്തിക ചിലവുകള്‍ ക്രമാതീകമായി വര്‍ദ്ധിക്കുന്നു. വീട്ടു വാടക, ദൈനംദിനം ചിലവുകള്‍ എല്ലാം വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു. രാവിലെ പതിനൊന്നരയോടെ രമ്യയുടെ ഫോണ്‍ കോള്‍ എത്തി. ‘പടിക്കെട്ടുകള്‍ കയറാന്‍ ബുദ്ധിമുട്ടാണ്. . . . താമസിക്കാന്‍ പുതിയൊരിടം കണ്ടെത്തണം. . . .’ മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ വാടക കൂടുതലാകും . . . . ഉച്ചക്കു മുന്‍പു തന്നെ മറ്റൊരു സംവിധാനമുണ്ടാക്കണം. പെട്ടെന്നുള്ള തീരുമാനം വല്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചു.
‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം രമ്യക്ക് എല്ലാ സൌകര്യവും നമുക്കൊരുക്കണം . . .’ സീമ ടീച്ചറുടെ വാക്കുകളാണ് പെട്ടെന്നോര്‍മ്മ വന്നത്. ടീച്ചറുടെ ഇടപെടലോടെ ദേവകി വാര്യര്‍ മെമ്മോറിയല്‍ ട്രസ്റിന്റെ നേതൃത്വത്തിലുള്ള കേരളാ വര്‍ക്കിങ്ങ് വിമന്‍സ് ഷോര്‍ട്ട് സ്റേ ഹോമില്‍ താമസം സജ്ജീകരിക്കപ്പെട്ടു.സാമൂഹ്യ പ്രവര്‍ത്തക ടി രാധാമണിയുടേയും പത്മിനി വര്‍ക്കിയുടെയും നേതൃത്വത്തില്‍ പുരോഗമന മനസ്സുള്ള ഒരു കൂട്ടം അമ്മമാരുടെ നിസ്വാര്‍ത്ഥമായ സേവനപരതയുടെ അടയാളമാണ് ഈ കേന്ദ്രം. തൊഴിലെടുക്കുന്ന സ്ത്രീകളുടെ സ്നേഹമുള്ള മനസ്സും ഓരോരുത്തരുടേയും മാസവരുമാനത്തില്‍ നിന്നും സ്വരുക്കൂട്ടുന്ന തുകയും ഒത്തു ചേരുമ്പോള്‍ ദൈനംദിന ചിലവുകള്‍ മുടക്കമില്ലാതെ നടന്നു പോകുന്നു. ഭിന്നകാരണങ്ങളാല്‍ ജീവിതം അരക്ഷിതമായ ഒരുപാടു സഹോദരിമാര്‍ക്ക് അത്താണിയാണീ കേന്ദ്രം. രമ്യക്കായി ഒരു മുറി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷം . . . . പ്രകാശമുള്ള മുറിയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടക്കം നിരവധി പേരവിടെയുണ്ട്. ഇന്നത്തെ മെനുവില്‍ മെഴുക്കു പുരട്ടിയുണ്ടത്രേ. ജീവിത കയ്പ്പുകള്‍ മറന്ന് കുഞ്ഞു തമാശകള്‍ പങ്കു വെച്ച് അവര്‍ പാവയ്ക്ക നുറുക്കിക്കൊണ്ടിരുന്നു.
യതി - ഓഷോ - രമ്യ
ഇളം നീല നിറമുള്ള ഈ കുഞ്ഞു പുസ്തകം രമ്യയുടെ ‘സ്വകാര്യ സ്വത്താണ്’, തികഞ്ഞ കൌതുകത്തോടെ താളുകള്‍ മറിച്ചു വൃത്തിയുള്ള അക്ഷരങ്ങളില്‍ കുഞ്ഞു കുഞ്ഞു വാചകങ്ങള്‍ . . . . വിലാസങ്ങള്‍ . . . . . ടെലഫോണ്‍ നമ്പറുകള് . . . . ഒട്ടും ഗ്രാഹ്യമല്ലാത്ത ചില അടയാള വാക്യങ്ങള്‍ ... പുതിയ ലിപികള്‍ ...ബൈബിള്‍ സുവി ശേ ഷ ങ്ങള്‍ ..ഗാര്‍ഹികവും സാമൂഹ്യവുമായ ഒരായിരം ചോദ്യങ്ങള്‍ ..സംശയങ്ങള്‍ ... കവിത തുളുമ്പുന്ന ദൈനന്തിന കുറിപ്പുകള്‍ ...ശാരീരികക്ഷമതയില്‍ പൂര്‍ണ്ണകായരെന്നഭിമാനം കൊള്ളുന്നവരേക്കാള്‍ എത്രയോ ധീരവുമായ ആത്മ ഭാ ഷ ണ ങ്ങള്‍ . നൈമാഷികമായ സന്തോ ഷ ങ്ങ ള്‍ ക്കു പിറകേ ലക്കും ലഗാനുമില്ലാതെ പായുന്ന പുതിയ ലോകത്തിന്റെ അശ്ളീ ലമായ ഭോഗാസക്തിയെ ഏറ്റവും വിമര്‍ശനപരമായി സമീപിക്കുന്ന കുഞ്ഞുകുറിപ്പുകള്‍ ...ലളിത ജീവിതം ... ഉയര്‍ന്ന മൂല്യങ്ങള്‍ ...പ്രണയം ...രതി ...ആത്മാവ് ...അതീന്ദ്രിയജ്ഞാനം ....തുടങ്ങി യതിയും ഓഷോയും ഇഴപിരിയുന്ന ഓരോന്നാം തരം മല്‍മല്‍മുണ്ട് ...അതായിരുന്നു രമ്യയുടെ ഡയറി ....
ആത്മാംശം ചോരാതെ കവിതകള്‍ സമാഹരിക്കാന്‍ തുടങ്ങി. എഡിറ്റിങ്ങിനുമുള്ള സ്വാതന്ത്യ്രം ഏറ്റവും പരിമിതമായാണ് ഉപയോഗപ്പെടുത്തിയത്. ഒന്നിനു പിറകേ ഒന്നെന്നോണം ഇരുപത്തിനാലു കവിതകള്‍ ...ഫോണില്‍ അത് കേള്‍ക്കുമ്പോള്‍ എല്ലാം മറ ന്നു ള്ള പൊട്ടി ച്ചി രി ...ഡോക്ടര്‍മാര്‍ സിസ്റ്റര്‍മാര്‍ ...അവരുടെ കൂട്ടിരിപ്പുകാര്‍ ... കവയത്രിയെ കാണുന്നതിനും പരിചയ പ്പെടുന്നതിനും ഇടതടവില്ലാതെ ഒരുപാടുപേര്‍ .... പുറമേ ദേശ ഭേദമെന്യേ വിവിധ മാധ്യമങ്ങളിലൂടെ രമ്യയെ അറിഞ്ഞ സഹൃദയരുടെ ടെലഫോണ്‍ സ്നേഹാന്വേഷണങ്ങള്‍ ...
കുരീപ്പുഴച്ചേട്ടനോടൊപ്പം
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറേട്ടനോടൊപ്പമാണ് വീണ്ടും രമ്യയെ കണ്ടത്. ഒപ്പം സെന്റ് മേരീസ് സ്ക്കൂളില്‍ അദ്ധ്യാപകന്‍, സന്തോഷ് വിത്സണുമുണ്ടായിരുന്നു (ചെയര്‍മാന്‍, ഫ്രണ്ട്സ് ഓഫ് രമ്യ). രമ്യയുടെ കൈ പിടിച്ച് ഏറെ നേരമദ്ദേഹം സംസാരിച്ചു. നി രീ ക്ഷ ണ ങ്ങ ളു ടെ ഭാഗമായി ക്യാന്‍സര്‍ വാര്‍ഡില്‍ ചിലവഴിച്ച ദിവസങ്ങളെ ക്കു റി ച്ചും അര്‍ബുദ പ്രതിരോ ദ രംഗത്ത് ലോകം കൈ വരിച്ച നേ ട്ട ങ്ങ ളെ ക്കു റി ച്ചും അദ്ദേ ഹം വാ ചാ ല നാ യി .കുരീ പ്പു ഴ ച്ചേ ട്ടന്റെ സാന്നിധ്യം രമ്യയുടെ ആത്മ വിശ്വാസം ഏറെ വര്‍ദ്ധി പ്പി ച്ചി രിക്കുന്നു . വൈകുന്നേ ര ത്തോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി രേമ്യയുറെ ഹൃദയം പകര്‍ത്തിയ അവതാരിക തയ്യാര്‍ ...ഇനി വേണ്ടത് കവിതകളെക്കുറിച്ചുള്ള പഠനവും ഇല്ലസ്ട്രേഷനും കവര്‍ചിത്രങ്ങളുമാണ്. സീമ ടീച്ചര്‍ പഠനവും ആലീസ് ചീവലും , പത്മബാബുവും ചേര്‍ന്ന് ഇല്ലസ്ട്രേഷനുകളും തയ്യാറാക്കി. കൂട്ടത്തിലെ ജയമോഹന്‍ സുന്ദരമായ കവര്‍ചിത്രമൊരുക്കി.
ഷോ ര്‍ട്ട് സ്റ്റേ ഹോമിലേക്കുള്ള പ്ര വേശ നാ നു മതി ആറു മണിയോടെ അവസാനി ക്കുമെങ്കിലും രമ്യയെ കാണുന്നതിന് മറ്റു തട സ ങ്ങ ളൊന്നു മുണ്ടാ യിരുന്നില്ല . രാത്രി തന്നെ ചിത്ര ങ്ങള്‍ കാണിച്ചു . അവതാരികയും പഠന വും പലവുരു വായിച്ചു കേള്‍പ്പിച്ചു . സന്തോഷം തോന്നുമ്പോഴും പൊട്ടിക്കരയുന്നവരെ രമ്യയോടു ചേര്‍ത്തു നിര്‍ത്താം ... ചിരിക്കുന്ന മുഖം തുടച്ച് സന്തോഷത്തോടെയവള്‍ ഞങ്ങളെ യാത്രയാക്കി ....
ആര് .സി.സി.യുടെ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്യന്‍, സൂപ്രണ്ട് ഡോ.രാംദാസ് എന്നിവരെ നേരില്‍ കണ്ടു. രമ്യയുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു. റേഡിയേഷനും, കീമോതെറാപ്പിയും വേണ്ടത്ര ഫലപ്രദമാകുന്നില്ലത്രേ. . . . ശസ്ത്രക്രിയയുടെ സാദ്ധ്യതയെക്കുറിച്ചു തന്നെയാണ് ഇരുവരും സൂചിപ്പിച്ചത്. നിലവിലെ അവസ്ഥകള്‍ വിവരിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും വീണ്ടുമെഴുതി. ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. ഭാരിച്ച ചിലവുള്ളതും.
രമ്യ, പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോടൊപ്പം ഡോ സി പിന്റോ അനുസ്മരണ സമ്മേളനത്തിൽ.
സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം എസ്.ബി.റ്റിയുടെ സ്റാച്യൂ ബ്രാഞ്ചില്‍ ഫ്രണ്ട്സ് ഓഫ് രമ്യയുടെ ആഭിമുഖ്യത്തില്‍ അക്കൌണ്ട് തുറന്നു. രമ്യ, സന്തോഷ് വില്‍സണ്‍, ജോഷി കെ.സി ഒപ്പം ഞാനുമടങ്ങുന്ന ജോയിന്റ് അക്കൌണ്ടിലേക്ക് സാമ്പത്തിക സഹായം പ്രവഹിക്കാന്‍ തുടങ്ങി. സമാനമായ നിലയില്‍ കൂട്ടത്തിന്റെ നേതൃത്ത്വത്തിലും സമ്പാത്തികസമാഹരണം നടന്നു. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തോടെ മണലാരണ്യങ്ങളില്‍ പണിയെടുക്കുന്നവരും അതിശൈത്യത്തില്‍ കഷ്ടപ്പെടുന്നവരും തങ്ങളുടെ വിയര്‍പ്പിന്റെയപ്പം രമ്യക്കായി ചേര്‍ത്തു വെച്ചു. ദേശഭേദമെന്യേ പടര്‍ന്നു നില്‍ക്കുന്ന അദൃശ്യങ്ങളായ ഈ തണല്‍ മരങ്ങളാണ് രമ്യയെ ജീവിതത്തിലേക്കു കൈപിടിക്കുന്നത്.
തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്ട്സ് കോളേജ്
രമ്യ, തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ
മഴപെയ്തൊഴിയാത്ത ഒരു പകലിലാണ് ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ എത്തിയത്. കല്ലു കൊണ്ടും കളിമണ്ണു കൊണ്ടും പണി തീര്‍ത്ത അസംഖ്യം മുഖങ്ങള്‍ കടന്ന് കാമ്പസ്സ് അങ്കണത്തില്‍ എത്തി. ഈറയാല്‍ തീര്‍ത്ത ഇരിപ്പിടങ്ങളിലാണ് അവരിരുന്നിരുന്നത്. തോള്‍ മറക്കുന്ന തലമുടിയും അലസം വിരലോടിച്ച് ഷാന്റോ ആന്റണി, നിഖില്‍ ഷാ, രാജീവ് അങ്ങിനെ ഒരുപാട് പേര്‍ . . . . .രമ്യയെക്കുറിച്ചും കവിതകളെക്കുറിച്ചും വിശദമായി സംസാരിച്ചു. സിനിമകളിലേതെന്ന പോലെ ആ ഇരുപതുകാരുടെ മുഖങ്ങളില്‍ ഭിന്നഭാവങ്ങള്‍ കടന്നു പോയി. ‘ഇരുപത്തിനാലുകവിതകളാണ് ആകെയുള്ളത്. അവയ്ക്കെല്ലാം ചിത്രഭാഷ്യമൊരുക്കാനായാല്‍ അതു രമ്യയെ ഏറെ സന്തോഷിപ്പിക്കുമായിരുന്നു’. . . . നിമിഷനേരത്തെ ആലോചനപോലുമവശേഷിപ്പിക്കാതെ ആ ചങ്ങാതിക്കൂട്ടം അതേറ്റെടുത്തു. മണിക്കൂറൊന്നു കഴിഞ്ഞില്ല ഷാന്റയുടെ ഫോണ്‍കോള്‍ എത്തി. ‘കാമ്പസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമൊത്തുചേര്‍ന്ന് ഏകദിന വര്‍ക്ക്ഷോപ്പായി പ്രസ്തുത പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ അതിനായി തിരഞ്ഞെടുത്തു.
പതിന്നൊരമണിയോടെ ജോഷിയ്ക്കും ബാബുരാമചന്ദ്രനും ഒപ്പം രമ്യ എത്തി. ഏറ്റവും ഹൃദ്യമായ വരവേല്‍പ്പാണ് കലയുടെ നിറയൌവ്വനങ്ങള്‍ കവയത്രിയ്ക്കായി ഒരുക്കി വെച്ചത്. വിശാലമായ ഓഡിറ്റോറിയം . . . . നൂറുകണക്കിന് കൂട്ടുകാര്‍. . . . . . ചായങ്ങള്‍ . . . . . ബ്രഷുകള്‍ . . . . . ഡ്രോയിംങ് ബോര്‍ഡുകള്‍. . . . സീമടീച്ചറുടേയും പ്രൊഫസര്‍ അജയകുമാറിന്റെയും ലഘുഭാഷണത്തോടെ ദൃശ്യാവിഷ്കരണം ആരംഭിച്ചു. അവര്‍ പല സംഘങ്ങളായി വട്ടം കൂടിയിരിക്കുന്നു. ഒരാള്‍ രമ്യയുടെ കവിതകള്‍ ഉറക്കെ ചൊല്ലുന്നു. മറ്റുള്ളവര്‍ അതോടൊപ്പം ബ്രഷു ചലിപ്പിക്കുന്നു. ഉച്ചയോടെ നൂറുകണക്കിന് ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. ദൃശ്യശ്രവ്യ മദ്ധ്യമങ്ങളില്‍ രമ്യയുടെ അഭിമുഖങ്ങള്‍ . . . . . ഫീച്ചറുകള്‍. . . . . വരയും കവിതയും ജീവിതവും ഏകതാനമാകുന്ന സര്‍ഗ്ഗാത്മകതയുടെ വസന്തോത്സവം . . . .
നമ്മുടെ കാമ്പസ്സുകളുടെ മുഖവും മനസ്സും ചിന്തയും രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നതിലും ധൈഷണികമായി പരുവപ്പെടുത്തുന്നതിലും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം വഹിച്ചിട്ടുള്ള പങ്ക് നിസ്തൂലമാണ്. കാലലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം നോവുന്ന മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒരിക്കലും അസ്വസ്ഥമാക്കാത്ത സെല്‍ഫ് ഫിനാന്‍സ്ഡ് ഇങ്കുബേറ്ററുകളില്‍ വിരിയുന്ന പുതിയ വിദ്യാര്‍ത്ഥി വേഷങ്ങള്‍ക്ക് എന്തുകൊണ്ടും ഏതുകൊണ്ടും മാതൃകയാണ് ഈ കൂട്ടുകാര്‍. ‘എന്റെ ജീവിതത്തിനാണ് നിങ്ങള്‍ നിറം പകരുന്നത് ’. . . . നിറഞ്ഞൊഴുകിയ കണ്ണുകളോടെ രമ്യ വിങ്ങിപ്പറഞ്ഞു. . . . . . ഹൃദയം മുഴക്കുന്ന കരഘോഷം. . . . . . ഒരുവന്റെ ശബ്ദം അപരനു സംഗീതമാകുകയാണ്. . . . . . രമ്യ ഹാപ്പിയാണ്. . . . .
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടുകാര്‍ ഷാന്റോ ആന്റണി, രാജീവ്, നിഖില്‍ ഷാ, അര്‍ജുന്‍ .....പ്രശസ്ത നിരൂപക ഡോ പി എസ് ശ്രീ കലക്കൊപ്പം
വിറയ്ക്കുന്ന ശബ്ദം
ജോഷിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. റേഡിയേഷനും, കീമോതെറാപ്പിയും വേണ്ടത്ര ഫലം ചെയ്യുന്നില്ലത്രേ. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നു. നാവിലാണ് അര്‍ബുദമെന്നതിനാല്‍ അതു മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളില്ല. താമസിപ്പിച്ചാല്‍ അര്‍ബുദാണുക്കള്‍ കൂടുതലിടങ്ങളിലേയ്ക്ക് പടര്‍ന്നേക്കാം . . . . ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു പോയി. സംസാരിക്കാനാകാത്ത രമ്യയെ സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല.
ഉടനടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. ശസ്ത്രക്രിയയുടെ ഗൌരവത്തെക്കുറിച്ച് രമ്യ അറിയുന്നുണ്ടായിരുന്നില്ല. കൂടിയാലോചനകള്‍ . . . . പലതരം ചര്‍ച്ചകള്‍ . . . . ഒന്നും എവിടെയും എത്തിയില്ല. നാവ് മുറിച്ചു മാറ്റപ്പെടുന്നതിനുമുന്‍പ് തന്നെ രമ്യ എല്ലാവരോടും ഒരുപാട് . . . . ഒരുപാട് . . . . സംസാരിക്കേണ്ടതുണ്ട് പൊതു മരാമത്തു വകുപ്പു മന്ത്രി ശ്രീ എം വിജയകുമാര്‍ സാറിന്റെ ഓഫീസിലെ സുഹൃത്തുക്കള്‍ നിതിനും, കിഷോറും ഇടതടവില്ലാതെ കവിതകള്‍ ഡി.റ്റി.പി ചെയ്തു കൊണ്ടിരുന്നു. പ്രൂഫ് റീഡിങ്ങിനും മറ്റനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ആകെയവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം.വിവരങ്ങള്‍ മനസ്സിലാക്കിയ എസ് ബി പ്രസ്സിലെ പ്രൊഫസര്‍ മാത്യൂ കോശി സാര്‍ രാത്രി പ്രവര്‍ ത്തി ച്ചും 24 ന് വെളുപ്പിന് പുസ്തകങ്ങള്‍ അച്ച ടിച്ചുതരാമെന്നേറ്റു .... ഹാള്‍ ബുക്കു ചെയ്യു ന്ന തിനും ശ സ്ത്ര ക്രിയ ക്കാ വശ്യമായ പണം സമാഹരിക്കുന്നതിനും അനുബന്ധമായ അറിയിപ്പുകള്‍ നല്‍കുന്നതിനും എല്ലുരുക്കി ഓടി നടന്ന ഞങ്ങളുടെ ശ്വാസം നേരെ വീണു .... 24 ന് പുസ്തകമിറങ്ങും ...
2010 ജനുവരി 24
വൈകുന്നേരം 4 മണിയോടെ പ്രസ്സ് ക്ളബ്ബ് ഹാള്‍ നിറഞ്ഞു കവിഞ്ഞു. സുഹൃത്തുക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നേര്‍ പരിഛേദം. എസ്.എഫ്.ഐ നേതാവ് ഹരിലാലും യൂണിവേഴ്സിറ്റി ഹോസ്റലിലെ ശ്രീജിത്തും നിരവധി സുഹൃത്തുക്കളുമായെത്തി .
ഫൈന്‍ ആര്‍ട്ട്സ് കോളേജ് ഒന്നടങ്കം ഒഴുകി എത്തിയിരുന്നു. കവിതകള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രങ്ങളാല്‍ പ്രസ്ക്ളബ്ബിന്റെ ചുമരുകള്‍ അവരലങ്കരിച്ചു. പോളിയോ ഹോമിലെ രമ്യയുടെ സുഹൃത്തുക്കളും സഹപാഠികളും എല്ലാമടങ്ങുന്ന ഏറ്റവും ഹൃദ്യമായ സായാഹ്നം. . . . മലയാളത്തിന്റെ പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, സീമടീച്ചര്‍ക്കു നല്‍കിയാണ് കവിതാ സമാഹാരം, ‘ശലഭായനം’ പ്രകാശിപ്പിച്ചത്. ജോക് സ ണ്‍ ജോണ്‍ പകര്‍ത്തിയ കവയത്രിയുമായുള്ള അഭിമുഖം - ഡോ ക്കുമെ ന്റ്രി പ്ര ദ ര്‍ ശ നം ഇതോടൊപ്പം നടന്നു . ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടു കാര്‍ ക്ക് രമ്യ പുതു വര്‍ഷ ഡ യ റി കള്‍ സമ്മാനിച്ചു ..
വൈകുന്നേരത്തോ ടെ സജുവിനും സഫിയക്കും മകള്‍ അനന്തരക്കുമൊപ്പം രമ്യ മ്യൂ സിയ ത്തി ലേക്കു പോയി .. ഷാന്റോയും ആഷ് ക്കറും പരിചിതരായ നിരവധി കൂ ട്ടു കാ രു മൊപ്പം ചേര്‍ന്ന മധുര മു ള്ളോ രു സായാഹ്നം ‘ രമ്യ ഹാപ്പിയാണ്’.
രമ്യ , ടി എന്‍ സീമ ടീ ച്ചര്‍ എം പി ക്കൊപ്പം പുസ്തക പ്രകാശന വേളയില്‍ . സന്ധ്യ എസ് എന്‍ സമീ പം
ഫൈന്‍ ആര്‍ട്ട്സ് കോളേജ് ഒന്നടങ്കം ഒഴുകി എത്തിയിരുന്നു. കവിതകള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രങ്ങളാല്‍ പ്രസ്ക്ളബ്ബിന്റെ ചുമരുകള്‍ അവരലങ്കരിച്ചു. പോളിയോ ഹോമിലെ രമ്യയുടെ സുഹൃത്തുക്കളും സഹപാഠികളും എല്ലാമടങ്ങുന്ന ഏറ്റവും ഹൃദ്യമായ സായാഹ്നം. . . . മലയാളത്തിന്റെ പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, സീമടീച്ചര്‍ക്കു നല്‍കിയാണ് കവിതാ സമാഹാരം, ‘ശലഭായനം’ പ്രകാശിപ്പിച്ചത്. ജോക് സ ണ്‍ ജോണ്‍ പകര്‍ത്തിയ കവയത്രിയുമായുള്ള അഭിമുഖം - ഡോ ക്കുമെ ന്റ്രി പ്ര ദ ര്‍ ശ നം ഇതോടൊപ്പം നടന്നു . ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടു കാര്‍ ക്ക് രമ്യ പുതു വര്‍ഷ ഡ യ റി കള്‍ സമ്മാനിച്ചു ..
വൈകുന്നേരത്തോ ടെ സജുവിനും സഫിയക്കും മകള്‍ അനന്തരക്കുമൊപ്പം രമ്യ മ്യൂ സിയ ത്തി ലേക്കു പോയി .. ഷാന്റോയും ആഷ് ക്കറും പരിചിതരായ നിരവധി കൂ ട്ടു കാ രു മൊപ്പം ചേര്‍ന്ന മധുര മു ള്ളോ രു സായാഹ്നം ‘ രമ്യ ഹാപ്പിയാണ്’.
മിഠായിയുടെ മധുരം
അല്‍ അമീനിനെ അറിയുമോ ....
അഞ്ചലിലെ സബരി ഗിരി റ സി ഡ ന് ഷ്യ ള്‍ സ്കൂ ളിലെ എട്ടാം തരം വിദ്യാ ര്‍ ഥിയാ ണവന്‍
മിഠായി അമീ നി നു ജീ വ നാണ് . മറ്റെന്തി നേ ക്കാ ളു മേ റെ അവനതു സ്നേ ഹി ക്കു ന്നു .
ഗള്‍ഫില്‍ നിന്നും വാപ്പ അയക്കുന്ന ചിലവു കാശിന്റെ ഒരു ഭാഗം അമീ നി ന്റെ മിഠായി പ്പ ങ്കാ ണ് .
അവനത് കൃത്യമായി ഉപയോഗ പ്പെ ടു ത്തുന്നു . കവി കുഴൂര്‍ വിത്സണ്‍ ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോക്കു വേണ്ടി രമ്യയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുമാണ് അമീ നിന്റെ വാപ്പ രമ്യയെക്കുറിച്ച് മനസ്സിലാക്കിയത് . അദ്ദേഹം അത് അമീ നി നോടു പറയുക യാ യി രു ന്നു . അന്നു മുതല്‍ തന്റെ മിഠായി പ്പങ്കും അതിലേറെയും അമീ ന്‍ രമ്യ ചേ ച്ചി ക്കാ യി മാറ്റി വെച്ചു . ഉമ്മക്കൊപ്പം അഞ്ചലിലെ വീ ട്ടി ല്‍ നിന്നും പല വട്ടം ആശുപത്രിയില്‍ രമ്യയെ കാണുകയും ചെയ്തു .
സമാനമായ അനുഭവമാണ് ഇം ഗ്ല ണ്ടില്‍ സോഫ്റ്റ് വെയര്‍ എന്ച്ചിനിയരായ നിമ്മി ഗോപാല കൃഷ്ണനും പങ്കു വെക്കുന്നത് . ഓര്‍ക്കുട്ടിലെ ഫ്രണ്ട്സ് ഓഫ് രമ്യയിലൂ ടെ യാണ് നിമ്മി രമ്യയെ കുറിച്ച് അറിഞ്ഞത് . ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് നാട്ടിലേക്കു തിരിച്ചപ്പോള്‍ ഒരു പെട്ടി നിറയേ ചോക്ലേറ്റു കൊടുത്ത യച്ചാണ് , രമ്യയുടെ ഹൃദയം ചേര്‍ന്നത് . അല്‍ അമീ നും നിമ്മിയുമെല്ലാം രമ്യയെ പിന്‍ തു ണ ച്ച മാനവികതയുടെ പ്രതീ കങ്ങ ളായ ആയിരങ്ങളുടെ പ്രതിനിധി കളാണ് . നന്മ വറ്റാത്ത മനുഷ്യന്റെ പിന്‍ മുറ ക്കാര്‍ ..
ജനുവരി 28 ലേക്ക്
തൊട്ടടുത്ത ദിവസം രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ഇനി രണ്ടു നാള്‍ മാത്രം. നിരവധി സുഹൃത്തുക്കള്‍ വന്നും പൊയ്ക്കൊണ്ടുമിരുന്നു.ആശുപത്രിയിലും വീട്ടിലും രമ്യയെ ഒരു പോലെ പിന്‍തുണച്ച കവയത്രി ഡോ ദീ പ ബിജോ അലക്സാ ണ്ട ര്‍ , സുമ തോമസ് തരകന്‍, ഡോ. ആരിഫ. കെ.സി, കുട്ടികള്‍ ഒറ്റ ക്കാ വു മെന്ന ചിന്ത മാറ്റി വെച്ച് രമ്യക്കു കൂ ട്ടി രു ന്ന ബിന്ദു മൈക്കിള്‍ , ഷെ ഡ്യൂ ള്‍ ചെയ്ത വാര്‍ത്ത വായന യൊ ഴിവാക്കി ഒപ്പമിരുന്ന ജെയ് ഹിന്ദ് ടിവിയിലെ നസീമ , പി ആര്‍ ഡിയിലെ ദിവ്യ , ശ്ര ദ്ധയിലെ ശോഭന, ഇന്ത്യന്‍ എക്സ്പ്രസ്സിലെ ആശ അനില്‍ , ഡോ ജിന്‍സി , മല്ലിക , സൌമ്യ , ആര്‍ സി സി യിലെ അനില സിസ്റ്റര്‍ , ഷാജി മുള്ളൂക്കാരന്‍ , ചിന്ത വാരികയിലെ ഗാഥ , സിന്ട്രിയോ ടെക്നോള ജീ സി ലെ അനില്‍ കുമാര്‍ കെ , ഫാന്റോ ജോസ് ഡോ അജിത്ത് കുമാര്‍ ജി , സനില്‍ ഷാ, അജയ് മുത്താന , രാജന്‍ പൊതുവാള്‍ , ഇന്ദു ശേഖര്‍ , ജിമ്മി ജെയിംസ് , ഷൈമി ഇ പി , സുരേഷ് വെള്ളിമംഗലം , ദിലിപ് മലയാ ല പ്പുഴ, ടെസി മരിയ , റിന്‍സി ആന്‍ ,അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് , കവികള്‍ ശാന്തന്‍ എസ് കലേഷ് , ഷിജു എസ് ബഷീര്‍ഷാജി അമ്പലത്ത് , ധന്യാ ദാസ് , ഉണ്ണി , ശ്രീപാര്‍വ്വതി , കൂട്ടത്തിലെ ജ്യോതികുമാര്‍ , ജയമോഹന്‍ , നവാസ് തിരുവനന്തപുരം , ഡോ ജയന്‍ ദാമോദരന്‍, ഡോ ബിജു എബ്രഹാം, അനില്‍ കുമാര്‍, ആല്‍ബി , അജിത്ത് തുടങ്ങി അറിയുന്നതും അറിയാത്തതുമായ ഒരുപാടു സുമനസ്സുകള്‍ .....
ഒടുവില്‍ ആരുമാഗ്രഹിക്കാതെ ആ ഇരുപത്തെട്ട് എത്തി. പുലര്‍ച്ചെ 6-ന് രമ്യയെ ഓപ്പറേഷന്‍ തീയേറ്ററിലേയ്ക്ക് കയറ്റും. അതിനു മുന്‍പു തന്നെ സുഹൃത്തുക്കള്‍ എത്തിക്കൊണ്ടിരുന്നു. പരീക്ഷീണരായ രക്ഷകര്‍ത്താക്കള്‍ . . . . . . കൈകളമര്‍ത്തിയും, കണ്ണുകള്‍ കൊണ്ടും അവര്‍ രമ്യയ്ക്ക് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സമയം മുറിവേറ്റ പക്ഷിയെപ്പോലെ പിടച്ചു കൊണ്ടിരിന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഒരു കുഞ്ഞു ശലഭത്തിലേയ്ക്ക്. . . വിവിധ രാഷ്ട്ര നിന്നും രമ്യയെ സ്നേഹക്കുന്നവരുടെ ടെലഫോണ്‍ കോളുകള്‍ . . . സൌഹൃദശ്യംഖലകളില്‍ വിവരങ്ങള്‍ സൂചിപ്പിച്ച് 'status update' കള്‍ . . . . .
8.30 ഓടെ ദീപയുടെ സന്ദേശമെത്തി. ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുന്നു. ആശ്വാസവും ആശങ്കയും ഒരു പോലെയുരുണ്ടു കൂടി . . . . ദീപയുടെ മുഖം മ്ളാനമായിരുന്നു. നാവ് മുറിച്ചു മാറ്റിയാലും പരിഹരിക്കാനാകാത്ത വിധം അര്‍ബുദാണുക്കള്‍ കീഴ്ത്താടിയെല്ലുകളിലേയ്ക്കും പടര്‍ന്നിരിക്കുന്നു. ശസ്ത്രക്രിയ ലക്ഷ്യം കാണണമെങ്കില്‍ കീഴ്ത്താടിയെല്ലുകള്‍ കൂടി ഒഴിവാക്കേണ്ടി വരും.
സംസാരശേഷിക്കൊപ്പം മുഖം കൂടി നഷ്ടമാകുന്ന സ്ഥിതിയൊഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. രമ്യ മയക്കം വിട്ടെഴുന്നേറ്റിരുന്നില്ല. റേഡിയേഷന്‍ തുടരാം. . . . കിമോയും. . . . . ഒപ്പം അത്ര ശുഭകരമല്ലാത്ത ചിലതു കൂടി ഡോ.പോള്‍ സെബാസ്റ്യന്‍ പങ്കു വെച്ചു. ‘രമ്യയുടെ ജീവിതത്തിലെ ഓരോ നിമിഷവും മനോഹരമാക്കാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുക. പരമാവധി രണ്ടു മാസം . . . . പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
അനസ്തീഷ്യയുടെ ആലസ്യത്തില്‍ നിന്നും രമ്യയുണര്‍ന്നിരിക്കുന്നു. ശസ്ത്രക്രിയ നടക്കാത്തതിനെ കുറിച്ച് അവളെല്ലാവരോടും ആരാഞ്ഞു കൊണ്ടിരുന്നു. റേഡിയേഷന്‍ കൊണ്ട് രോഗം സുഖപ്പെടുമെന്ന അറിയിപ്പ് രമ്യയെ തൃപ്തിപ്പെടുത്തിയെന്നു തോന്നുന്നു. എങ്കിലും ആ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ കുത്തിയിരുന്നു.
ഏകദേശം ഒരാഴ്ചക്കുള്ളില്‍ ഡിസ്ച്ചാര്‍ജുണ്ടായി. ഇനി പതിവു പോലെ റേഡിയേഷനും, കീമോതെറാപ്പിയും തുടരണം. കേരള വര്‍ക്കിംങ്ങ് വിമന്‍സ് അസോസിയേഷന് മെഡിക്കല്‍ കോളേജിനടുത്ത് മറ്റൊരു കേന്ദ്രം കൂടിയുണ്ട്. ക്യാന്‍സര്‍ ബാധിതരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണിതു പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവും, താമസവുമടക്കം പൂര്‍ണ്ണമായും സൌജന്യമാണിവിടെ. തന്നേക്കാള്‍ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥയുള്ള നിരവധി സുഹൃത്തുക്കള്‍ R C C യിലുണ്ട്. നമുക്കവരെ കൂടി പിന്തുണക്കണം. രമ്യയുടെ വാക്കുകള്‍ പുതിയൊരൂര്‍ജ്ജം പകര്‍ന്നു. രമ്യയുടെ നേതൃത്വത്തില്‍ ‘ഫ്രണ്ട്സ് ഓഫ് ശ്രദ്ധ’ രൂപീകരിക്കപ്പെട്ടു. R C C യിലെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ പിന്തുണക്കാന്‍ ശ്രമമാരംഭിച്ചു.
സ്പര്‍ശം
ഒന്നിടവിട്ടുള്ള ആഴ്ചകളിലാണ് ഇനി പരിശോധനകള്‍. താമസം, നഗരത്തിന് സമീപമുള്ള വാടക വീട്ടിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചു. കവി സമ്മളനങ്ങള്‍, സൌഹൃദകൂട്ടായ്മകള്‍, ഇടയ്ക്കിടക്കിടയുള്ള നഗരസന്ദര്‍ശനങ്ങള്‍, അരുള്‍ ജ്യോതിയിലെ മസാലദോശ. . . . . രമ്യ ഹാപ്പിയാണ്. വീട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. ഊന്നുവടികളിലായി ബസ്സുകളിലെ യാത്ര അതീവ ദുഷ്കരവും “നമുക്കൊരു സ്ക്കൂട്ടര്‍ വാങ്ങിയാലോ. ഓടിക്കാന്‍ ഞാന്‍ പഠിച്ചു കൊള്ളാം”. രമ്യയുടെ ആഗ്രഹം തെല്ലൊന്നുമല്ല സുഹൃത്തുക്കളെ സന്തോഷിപ്പിച്ചത്. നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ പറന്നു പോകുന്ന രമ്യയെ കൂട്ടുകാര്‍ സ്വപ്നം കാണാന്‍ തുടങ്ങി. ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപയാണ് ഫ്രണ്ട്സ് ഓഫ് രമ്യ സമാഹരിച്ചിട്ടുള്ളത് (വിശദാംശങ്ങള്‍ http://openpagez.blogspot.com/ ല്‍ ). അതില്‍ നിന്നും മൂന്നു ചക്രമുള്ള സ്ക്കൂട്ടറും, ഇന്റര്‍ നെറ്റ് സൌകര്യമുള്ള ലാപ്പ് ടോപ്പും വാങ്ങാന്‍ തീരുമാനിച്ചു. ശിഷ്ടമുള്ള ഒരു ലക്ഷം രൂപ രമ്യയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കി.
വേദന .... കവിത ... അതിജീവനം
രമ്യക്ക് പൊതുമാരാമത്ത് വകുപ്പു മന്ത്രി ശ്രീ എം വി ജയകുമാര്‍ വാഹനം സമ്മാ നി ച്ച പ്പോള്‍ . ശ്രീമതി ഇ എം രാധ, കെ ജി സൂരജ് സമീപം
വേദനകളെ കവിതകളിലൂടെ അതിജീവിക്കുന്ന പോരാട്ടത്തിന്റെ പ്രസ്തുത മാതൃകയ്ക്ക് ഫ്രണ്ട്സ് ഓഫ് രമ്യയുടെ നേതൃത്വത്തില്‍ ഉചിതമായ സ്വീകരണമൊരുക്കി. കാന്‍സര്‍ ബാധിതര്‍ അടക്കം നൂറ് കണക്കിന് സുഹൃത്തുക്കള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ പൊതുമരാമത്ത് മന്ത്രി ശ്രീ.എം. വിജയകുമാര്‍ വാഹനവും ഒരു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം രേഖകളും രമ്യയ്ക്ക് സമ്മാനിച്ചു.
ശ്രീ.കാനായി കുഞ്ഞുരാമന്‍, പ്രൊഫ.ബി.ഹൃദയകുമാരി, ശ്രീ.കെ.ആര്‍.മോഹനന്‍, പ്രൊഫ.ഡി.വിനയചന്ദ്രന്‍, ശ്രീമതി. ഇ.എം.രാധ, ശ്രീമതി. രാധാലക്ഷ്മി പത്മരാജന്‍ എന്നിവരുടെ പൌഢസാന്നിദ്ധ്യം രമ്യയെ സ്നേഹാലസ്യപ്പെടുത്തി.
മടി നിറയെ സമ്മാനങ്ങളുമായി ഉറ്റ സുഹൃത്തിന് പുറകിലിരുന്ന് ചുവന്ന നിറമുള്ള പുതിയ സ്ക്കൂട്ടറില്‍ പൊടി പറത്തി കടന്നു പോകുന്നത് രമ്യയാണ്. . . . .
ഒറ്റയ്ക്കിരുപ്പിന്റെ മുഷിച്ചിലുകള്‍ ഒഴിവാക്കാന്‍ ലിഖിതം എന്ന പേരില്‍ രമ്യ ചീഫ് എഡിറ്ററായി ഒരു ഓണ്‍ ലൈന്‍ സാഹിത്യമാസിക രൂപീകരിക്കപ്പെട്ടു. മ്യൂസ് മേരി ടീച്ചറുടെ കവിതയാണ് ആദ്യമെത്തിയത്. വീടും നഗരവും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരുന്നു. . . . . രമ്യ ഹാപ്പിയാണ്. . . . .
രമ്യയെ കണ്ടിട്ട് രണ്ടാഴ്ചയിലേറെയാകുന്നു. ഫോണില്‍ കിട്ടുന്നതേയില്ല. സജുവിന്റെ മകള്‍ അനന്തര രമ്യചേച്ചിയ്ക്കു വേണ്ടി താന്‍ വരച്ച ചിത്രം കൈയ്യില്‍ കരുതിയിട്ടുണ്ട്. രമ്യയുടെ മുഖം വല്ലാതെ നീരുകെട്ടി വീര്‍ത്തിരിക്കുന്നു. അവള്‍ വേദനയാല്‍ ഞരങ്ങിക്കൊണ്ടിരുന്നു. . . . . വല്ലാത്ത ഭയം തോന്നി. കഴിയുന്നതും അന്നു തന്നെ ആര്‍.സി.സി. യില്‍ എത്തിക്കേണ്ടതുണ്ട്. സീമടീച്ചര്‍ പേവാര്‍ഡിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നുവത്രേ. . . . . സംഘര്‍ഷങ്ങളുടെ മുള്‍ മുനയില്‍ ദിവസങ്ങള്‍ കടന്നു പോയി. മുഖത്തെ നീരു കുറഞ്ഞു വന്നു. രമ്യ ചിരിക്കാനും തമാശകള്‍ പങ്കുവെയ്ക്കാനും തുടങ്ങി. എങ്കിലും എവിടെയൊക്കെയോ ചില പൊരുത്തക്കേടുകള്‍. . . .!
രമ്യയെ കണ്ടിട്ട് രണ്ടാഴ്ചയിലേറെയാകുന്നു. ഫോണില്‍ കിട്ടുന്നതേയില്ല. സജുവിന്റെ മകള്‍ അനന്തര രമ്യചേച്ചിയ്ക്കു വേണ്ടി താന്‍ വരച്ച ചിത്രം കൈയ്യില്‍ കരുതിയിട്ടുണ്ട്. രമ്യയുടെ മുഖം വല്ലാതെ നീരുകെട്ടി വീര്‍ത്തിരിക്കുന്നു. അവള്‍ വേദനയാല്‍ ഞരങ്ങിക്കൊണ്ടിരുന്നു. . . . . വല്ലാത്ത ഭയം തോന്നി. കഴിയുന്നതും അന്നു തന്നെ ആര്‍.സി.സി. യില്‍ എത്തിക്കേണ്ടതുണ്ട്. സീമടീച്ചര്‍ പേവാര്‍ഡിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നുവത്രേ. . . . . സംഘര്‍ഷങ്ങളുടെ മുള്‍ മുനയില്‍ ദിവസങ്ങള്‍ കടന്നു പോയി. മുഖത്തെ നീരു കുറഞ്ഞു വന്നു. രമ്യ ചിരിക്കാനും തമാശകള്‍ പങ്കുവെയ്ക്കാനും തുടങ്ങി. എങ്കിലും എവിടെയൊക്കെയോ ചില പൊരുത്തക്കേടുകള്‍. . . .!
ആഗസ്റ് 6, 2010
“രമ്യയ്ക്ക് അസുഖം കൂടുതലാണ്. . . . എത്രയും വേഗം . . . . ” അമ്മ പറഞ്ഞു നിര്‍ത്തി. ഇരുട്ട് തുളച്ച് മഴ പെയ്തുക്കൊണ്ടിരിക്കുന്നു. ശ്വാസമെടുക്കാന്‍ രമ്യ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. അവളുടെ മെല്ലിച്ച കൈകളില്‍ ഞരമ്പുകള്‍ മുറികി വന്നു. കണ്ണീരൊഴുക്കി അമ്മ വസ്ത്രങ്ങള്‍ അടുക്കുന്ന തിരക്കിലാണ്.
“നമുക്ക് രമ്യയെ വീട്ടിലേയ്ക്കു കൊണ്ടുപോകാം. . . .
വേഗം പോകാം. . . .
” അമ്മ പിറുപിറുത്തുക്കൊണ്ടിരുന്നു.
“അപ്പാ. . . . അപ്പാ . . . . ”
അച്ഛന്റെ കൈകളില്‍ രമ്യ മുറുകെ പിടിച്ചു.
അവളുടെ കണ്ണുകള്‍ പുറത്തേയ്ക്ക് ഉന്തി വന്നു.
അനില സിസ്റര്‍ പതുക്കെ പറഞ്ഞു.
“she's sinking...”
മരണത്തിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ ഇങ്ങനെയായിരിക്കും. . . . ഒന്നും കണ്ടു നില്‍ക്കാനാകാതെ ഞങ്ങള്‍ പുറത്തേയ്ക്കു നടന്നു. മിനിട്ടുകള്‍ കഴിഞ്ഞില്ല വാതില്‍ തുറന്ന് സിസ്റര്‍ പുറത്തേയ്ക്കു വന്നു. . . . . “അവള്‍ പോയി . . . .” ഉയരുന്ന തേങ്ങലുകള്‍ക്കിടയില്‍ എല്ലാവരും സ്തബ്ധരായി. അച്ഛനെയും അമ്മയേയും സമാശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല.
ആംബുലന്‍സിലെ ഇരുമ്പുകട്ടിലില്‍ അവള്‍ ശാന്തമായുറങ്ങുന്നു. . . . . . “രമ്യ ഒന്നും മിണ്ടിയതേയില്ല. . . . . വീട്ടിലെ നടുമുറിയില്‍ വെളുത്ത നിറമുള്ള കിടക്കവിരിയില്‍ രമ്യയെ കിടത്തിയിരിക്കുന്നു. ബന്ധുക്കള്‍ എത്തിത്തുടങ്ങി. വിവിധ സാമൂഹിക ശൃംഖലകളില്‍ സന്ദേശം പരന്നു കഴിഞ്ഞു. ലോകം ഒരു കുഞ്ഞു പൂമ്പാറ്റയുടെ ഹൃദയം ചേര്‍ന്ന നിമിഷങ്ങള്‍. . . . .
മണ്‍വെട്ടിയുടെ ശബ്ദം ഭൂമിയുടെ ശരീരത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. . . . . അവര്‍ കുഴിമാടമൊരുക്കുകയാണ്. . . . . റഫ്രിജറേറ്ററില്‍ നിന്നും രമ്യയെ താങ്ങിയെടുക്കുമ്പോള്‍ കൊടും തണുപ്പാര്‍ന്ന കൊഴുത്ത ജലം വിരലുകളിലേയ്ക്ക് ഇറ്റു വീണു കൊണ്ടിരുന്നു. . . . . “അവള്‍ക്കു വല്ലാതെ തണുക്കുന്നുണ്ടാകുമോ. . . . .”
മണ്ണിന്റെ ചൂടുള്ള ശരീരത്തിലേയ്ക്ക് രമ്യയെ മെല്ലെ ഇറക്കി വെച്ചു. കൂട്ടുകാരുടെ കണ്ണുനീര്‍ ഒരു നീര്‍ച്ചാലായി അവളുടെ മുഖം കഴുകി മിനുക്കുന്നുണ്ടാകണം. ഓരോരുത്തരുടെയും ഓര്‍മ്മകള്‍ ശലഭങ്ങളായി രമ്യയ്ക്ക് കൂട്ടിരിക്കുന്നുണ്ടാകണം. വിനയചന്ദ്രന്‍ സാര്‍ സമ്മാനിച്ച അതേ പേന കൊണ്ട് അവള്‍ കവിതകള്‍ എഴുതുന്നുമുണ്ടാകണം. . . . .
“സ്നേഹിക്കപ്പെട്ടവര്‍ മരണത്തിനപ്പുറവും ജീവിച്ചുകൊണ്ടേയിരിക്കുന്നു. . . .”
രമ്യ ഒരുനുഭവമാണ് ; കവിത കൊണ്ടും . . . . ജീവിതം കൊണ്ടും . . . .
രമ്യയെ ജീവിതത്തിന്റെ ഭാഗഭാക്കിയ ഫൈന്‍ ആര്‍ട്ട്സ് കോളേജ്......
കൂട്ടുകാര്‍ ഒത്തുച്ചേര്‍ന്നിരിക്കുന്നു. ഇതൊരു അനുസ്മരണമല്ല, മറിച്ച് അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന കാന്‍സര്‍ ബാധിതരെ പിന്തുണയ്ക്കുന്നതിനുള്ള തീരുമാനമെടുക്കലാണ്. ഔപചാരികതകള്‍ അശേഷമില്ലാതെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ.വി.കെ.ജോസഫും, സാഹിത്യ നിരുപക ഡോ.പി.എസ്.ശ്രീകലയും, കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. രമ്യയവശേഷിപ്പിച്ച സചേതനങ്ങളായ ആശയങ്ങളുടെ പ്രചാരകരാണ് അവളുടെ കൂട്ടുകാര് . . . . . ഫ്രണ്ട്സ് ഓഫ് രമ്യയുടെ നേത്രത്വത്തില്‍ രമ്യാ ആന്റണി വിദ്യാഭ്യാസ എന്റോണ്‍ മെന്റ് വര്ഷം തോറും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് . സംസ്ഥാനത്ത് എസ് എസ് എല്‍ സി ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ദാരിദ്ര രേഖക്കു താഴെയുള്ള പോളിയോ ബാധിതയായ പെണ്‍കുട്ടിക്ക് പതിനായിരം രൂപയുടെ പിന്തുണ ലഭിക്കും . ഓര്‍ക്കുട്ടിലെ മലയാളികളുടെ കൂട്ടായ്മ ശ്രുതിലയത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കവിതാ മത്സരം (' രമ്യ ആന്റണി - ശ്രുതിലയം കവിതാ പുരസ്ക്കാരം ') സംഘ ടി പ്പി ച്ചി ട്ടുണ്ട് .
സാമൂഹ്യ ശൃംഖലകളിലൂടെ രൂപപ്പെടുന്ന ഇത്തരം കൂട്ടായ്മകള്‍ കാലത്തിന്റെ പച്ചപ്പുകളാണ്. . . . . അറിവ് ജനകീയമാക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ വേദനകള്‍ പൊതുധാരയിലെത്തിക്കുന്നതിലും വിവരസാങ്കേതിക വിദ്യയും അതിന്റെ ഭാഗമായി രൂപപ്പെട്ട സൌഹൃദ ശൃംഖലകളും ഗുണകരമാകുന്നതിന്റെ ഏറ്റവും മികവുറ്റ ഉദാഹരണമാണ് നമ്മുടെ കുഞ്ഞു പെങ്ങള്‍. . . . .
' രമ്യ ആന്റണി - ശ്രുതിലയം കവിതാ പുരസ്ക്കാരം കവയത്രി ഡോ ടി എന്‍ സീ മ ടീ ച്ചര്‍ എം പി സമ്മാനിക്കുന്നു . പ്രമുഖ മാധ്യമ പ്രവര്‍ത്തക ഇ എം രാധ , അനില്‍ കുര്യാത്തി , തുഷാര്‍ പ്രതാപ് , ഗോപി വെട്ടിക്കാട്ട് എന്നിവര്‍ സമീപം '
കവിത; ജീവിതവും . . . .
ജീവിതം വെളിച്ചവുമാക്കുന്നവരെ . . ... . .
നാം എന്താണ് വിളിക്കുക.....
This comment has been removed by the author.
ReplyDeletemanassilento oru nombaram
ReplyDeleteസൂരജ്
ReplyDeleteആഞ്ഞു കൊത്തുന്നു ഈ ഓര്‍മ്മക്കുറിപ്പ്
എന്ത് പറയാന്‍...
വായിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ ഒരു കുറിപ്പ്..
ReplyDeleteസൂരജ്... നോവിക്കുന്നു നീ
സൂരജ്, വല്ലാതെ മുറിവേല്പ്പിച്ചുകളഞ്ഞു ഇത്...
ReplyDeleteഒരു അല് അമീന് പോലും ആകാത്തവന്റെ കുറ്റബോധം....
രമ്യയെ ഒരിക്കല് കണ്ടിട്ട് വെറും ഒരു ചിരിയില് നിര്ത്തി കടന്നുപോയതിന്റെ വേദന...മാപ്പ്...
പ്രിയ ശലഭം
ReplyDeleteആരെയും ആകര്‍ഷിക്കുന്ന നിന്‍റെ മനോഹരമായ ആ പുഞ്ചിരി തുകി കൊണ്ട് ആകാശത്തിലേ മാലാഖമാര്‍ക്ക് നീ കവിതകള്‍ ചൊല്ലികൊടുക്കണം അപ്പോള്‍ അവര്‍ അസൂയയോടെ നിന്നെ നോക്കും അവര്‍ക്കിടയില്‍ സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു കൊച്ചു മാലാഖയായി നീ സസുഖം വാഴുക....................................................അശോകമരച്ചുവട് ഗൌതമബുദ്ധനെ സൃഷ്ടിച്ചുവെങ്കില്‍ അര്‍ബുദവാര്‍ഡിലെ കാഴ്ചകള്‍ ആധുനിക മനുഷ്യനെ അഹങ്കാരങ്ങളില്‍ നിന്നും പരിവര്‍ത്തനപ്പെടുത്തുമെന്നതില്‍ അശേഷം സംശയമില്ല. ...അതെ സൂരജ് സത്യം തന്നെ.സൂരജിന്റെ വരികളിലുടെ കടന്നു പോകുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് അറിയുനില്ല ഹൃദയത്തില്‍ നിന്നും വന്ന ഈ എഴുത്ത് അത് കൊണ്ട് തന്നെ ഹൃദയസ്പര്‍ശിയായിരിക്കുന്നു ...
കണ്ണീർ കലർന്ന വരികളായതുകൊണ്ടാവാം... വായനയിൽ കണ്ണീർ പൊഴിഞ്ഞുകൊണ്ടെയിരുന്നിരുന്നതും...
ReplyDeleteപ്രിയ സൂരജ് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു. കൂപ്പുകൈ
ReplyDelete:(
ഉള്ളിൽ എന്തൊക്കെയോ തണുത്തുറഞ്ഞ് കനം വെക്കുന്നു..:(
ReplyDeleteശലഭജന്മം..അതൊക്കെയാണ് ജീവിതം!!
അയ്യോ...
ReplyDeleteസ്നേഹമുള്ള മനസ്സുകള്‍ക്ക്, രമ്യയുടെ കൂട്ടുകാര്‍ക്ക്..അര്‍ബുദ വാര്‍ഡ് കാണാനിഷ്ടമില്ലാതിരുന്ന ഒരുവന്റെ നന്ദി...ആദരം
ReplyDeletesundariyaya poombatta..
ReplyDeleteitharam poombattakalekkondu lokam nirayatte..
nanmayum snehavum valaratte..
മനുഷ്യന്‍ ബാക്കി ഉണ്ട്.
ReplyDeleteYes...
ReplyDeleteIt is an unforgettable moment in life...
Experieces and thrives to get a co-being back to life....
Still her poignant smile pierce the heart..
It redefines the pride and prijudices which drives one's life...
She still lives... in our hearts....
വാതില്‍ തുറന്ന് സിസ്റര്‍ പുറത്തേയ്ക്കു വന്നു. . . . . “അവള്‍ പോയി . . . .” വല്ലാതെ മുറിവേല്പ്പിച്ചുകളഞ്ഞു ഇത്...വായിക്കേണ്ടിയിരുന്നില്ല....വായിക്കേണ്ടിയിരുന്നില്ല
ReplyDeleteവാതില്‍ തുറന്ന് സിസ്റര്‍ പുറത്തേയ്ക്കു വന്നു. . . . . “അവള്‍ പോയി . . . .” വല്ലാതെ മുറിവേല്പ്പിച്ചുകളഞ്ഞു ഇത്...വായിക്കേണ്ടിയിരുന്നില്ല....വായിക്കേണ്ടിയിരുന്നില്ല
ReplyDeleteഎല്ലാവരെയും കണ്ണീരിലാഴ്ത്തി പറന്നുപോയ ആ ശലഭത്തിന്റെ ഒരു കൊച്ചു ജീവ ചരിത്രം തന്നെ ഇവിടെ രേഖപ്പെടുത്തിയത് നന്നായി.ആരെങ്കിലും രമ്യയെക്കുറിച്ചു ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ ഒരു ലിങ്ക്. ഇതിന്റെ ലിങ്കു നഷ്ടപ്പെടാതെ സൂക്ഷിക്കണം.ഇതല്പം കൂടി നേരത്തെ വെളിച്ചപ്പെടേണ്ടിയിരുന്ന ലേഖനമായിരുന്നു. എങ്കിലും വൈകിയിട്ടില്ല. മനുഷ്യത്വം വറ്റി വരളാത്ത ഒരു സമൂഹം ഇവിടെ ഇപ്പോഴും ഉണ്ടെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഇത്!
ReplyDeletesurej..............
ReplyDeleteI have nothing to say.............
My heart bleeds............
She was such a wonderful girl........
smitha
ഓര്‍മ്മകളായ് ഇനി നമ്മുടെ മനസ്സില്‍ നിറയട്ടെ....!!
ReplyDeleteസൂരജ്...
ReplyDeleteനെഞ്ചു നോവുന്നു ഇതു വായിക്കുമ്പോള്‍
തൊണ്ടയില്‍ എന്തോ തടയുന്നു...
നന്ദി...
സൂരജ്.,
ReplyDeleteരമ്യയെ കണ്ടിട്ടുള്ളവര്‍., ഇത്ര നിഷ്കളങ്കമായ ആ ചിരി...
അതുപോലെ തന്നെ ഈ എഴുത്തും കണ്ണു നിറയ്ക്കുന്നു..
CP ABOOBACKER
ReplyDeleteക്യാന്‍സര്‍ വാര്‍ഡില്‍
കയറിച്ചെല്ലാന്‍
അനുവാദമുണ്ടായിരുന്നില്ല
പ്രിയപ്പെട്ടവര്‍ പലരും അവിടെ കടന്നു ചെന്നു
മരുന്ന് മണക്കുന്ന മുഖരമൗനങ്ങളില്‍
നിശ്ശബ്ദമായ ശബ്ദായമാനതകളില്‍
അമ്മയുണ്ട് മകളും
അച്ഛനുണ്ട് മകനും
കാമുകനുണ്ട് കാമുകിയും
കവിയുണ്ട് ആസ്വാദകനും
രമ്യജീവിതങ്ങളുടെ ആസ്വാദകര്‍
ആതിരയെന്ന ശൈശവം
ഹാവിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?
കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു
കവിതയും ഞണ്ടും ചേരുകയില്ല
ഞണ്ടളകളിലേക്ക്
മനുഷ്യന്‍ കയറിച്ചെല്ലാതിരിക്കട്ടെ
വിഷം കലര്‍ന്നപ്രകൃതിയില്‍
സൂരജ്, നമുക്കെന്താണ് പ്രതീക്ഷിക്കാനാവുക?
എന്താണ് ആശങ്കപ്പെടാതിരിക്കാനാവുക?
സൂരജ്... എന്താ പറയുക...
ReplyDeleteസൂരജ്,
ReplyDeleteപ്രിയേഷ് ലിങ്ക് തന്നിട്ട് വായിക്കാൻ പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. രമ്യയെന്ന പേര് ആദ്യം കാണുന്നത് ദുബയ്കൂട്ടം മീറ്റിൽ വച്ച് അവിടെ വിൽക്കുവാൻ വച്ചിരുന്ന അവളുടെ പുസ്തകത്തിലാണ്. അന്ന് മനസ്സിൽകൂടീയ നൊമ്പരം അവളുടെ
മരണവാർത്തയോടെ ഘനീഭവിച്ചു അതിപ്പോൾ പെയ്യുന്നു.
പെയ്തു തീരട്ടെ. ക്യാൻസർ വാർഡ് എനിക്കും പരിചിതമാണ് അമ്മയുടെ ചികിൽസാർത്ഥം ദിവസങ്ങളോളം ഞാനവിടെയുണ്ടായിരുന്നു.അതിനാലാവാം എനിക്കിത്രയും വേദന
സൂരജ്,
ReplyDelete''ശ്രുതിലയം സ്മരണിക '' തുറന്നു ആദ്യം വായിച്ചത് താങ്കളുടെ ഈ കുറിപ്പുകള്‍ ആണ്... കണ്ണീര്‍ പടര്‍ന്ന അക്ഷരങ്ങള്‍... ഈ വര്‍ഷം ആദ്യം ശ്രുതിലയം കവിതപ്രകാശനതിനു അനന്ത പുരിയില്‍ വന്നനേരം രമ്മ്യയെ കണ്ടിരുന്നു ഞാന്‍.. അന്നനുഭവിച്ച പറഞ്ഞറിയിക്കാനാകാത്ത നൊമ്പരം ഇതു വായിക്കും നേരവും.. ഓര്‍മപോലും അസ്വസ്ഥമാക്കുന്നു എന്നെയും .. നിസ്സഹായരായ എല്ലാ മനുഷ്യ ജന്മങ്ങളെയും പോലെ... വല്യ നാവു ഉള്ള എനിക്കു വാക്കുകള്‍ ഇല്ല... വയ്യ..
ഇളം നീല നിറമുള്ള ഈ കുഞ്ഞു പുസ്തകം രമ്യയുടെ ‘സ്വകാര്യ സ്വത്താണ്’, തികഞ്ഞ കൌതുകത്തോടെ താളുകള്‍ മറിച്ചു വൃത്തിയുള്ള അക്ഷരങ്ങളില്‍ കുഞ്ഞു കുഞ്ഞു വാചകങ്ങള്‍ . . . . വിലാസങ്ങള്‍ . . . . . ടെലഫോണ്‍ നമ്പറുകള് . . . .
ReplyDeleteരമ്യയെ മുന്‍പ് അറിയാന്‍ സാധിക്കാത്തതില്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. ജീവിതത്തിലെ തിരക്കിനിടയില്‍ പലപ്പോഴും മാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്തകള്‍ ചിലതെല്ലാം അവഗണിച്ചുവിടാറുണ്ട്. എന്നെപ്പോലെ മറ്റുചിലരും അങ്ങിനെ ചെയ്തിരിക്കാം എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അറിയേണ്ട ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞേ പറ്റു. ചിലപ്പോള്‍ അങ്ങിനെയാണ് ചില ജീവിതങ്ങള്‍ നാം അറിയാതെ പോകും. പിന്നീട് അറിയുമ്പോള്‍ അറിയാതെയെങ്കിലും നെഞ്ചിനകത്തൊരു വിങ്ങലുണ്ടാകും. ഒരു വലിയ പ്രയത്‌നമാണ് ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നു നടത്തിയത്.
Roshni Surendran
ReplyDeleteSIlence and Numbness heart freezes ///
Words fail to convey the emotions i felt...remya remains in memories forever ....
her life and poems are tales of her survival..unique n spirit
With words u have captured it
മുഴുവന് വായിച്ചു തീര്ക്കാന് ഒരുപാട് കഷ്ടപ്പെട്ടു. കണ്ണുകള് നിറഞ്ഞു.
ReplyDeleteകണ്ണുനീര്കൊണ്ടും സ്നേഹം കൊണ്ടും കുതിര്ന്ന അക്ഷരങ്ങലില് നമിക്കുന്നു
touching.........(sivanandan)
ReplyDeleteരമ്യയ്ക്കൊപ്പം നിങ്ങളെയെല്ലാം എപ്പോഴും കാണുമ്പോള്‍ ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്നേഹിച്ചുപോകുകയായിരുന്നു സൂരജ്. നിങ്ങള്‍ ചെറുപ്പക്കാര്‍ രമ്യയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു പോലെ എനിക്കായില്ലല്ലൊ എന്നോര്‍ത്തു ഞാന്‍ കരഞ്ഞിട്ടുണ്ട്.നമ്മുടെയെല്ലാം കെട്ട ജീവിതത്തിനുമേല്‍ പ്രതീക്ഷയുടെയും സ്നേഹത്തിന്തെയും നീലവെളിച്ചം ചൊരിഞ്ഞ ഈ കുറിപ്പിനു നന്ദി.
ReplyDeleteനന്മ നിറഞ്ഞ മനസ്സുകള്‍
ReplyDeleteകാലത്തിന്റെ അനിവാര്യതയാണ്...
ജീവിതത്തിനും അക്ഷരങ്ങൾക്കും കണ്ണീരിന്റെ നനവ് പറ്റുന്നതോർത്ത് ഒരു കുമ്പിൾ കണ്ണീർ ഞാൻ ഉള്ളിൽ കരുതുന്നു.
ReplyDeleteരമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സിനു നന്ദി.. ഈ ശലഭത്തെ പരിചയപ്പെടാന്‍ വൈകിയല്ലോ എന്ന ഖേദത്തോടെയും...
ReplyDeleteഇതു വായിച്ചു തീര്‍ക്കാന്‍ എനിക്കാവുന്നില്ല.............അത്രയ്ക്ക്
ReplyDeleteഎനിക്ക് പ്രിയപെട്ടവരെന്നു ഞാന്‍ കരുതിയ ആരുമായിരുന്നില്ലല്ലോ , എപോഴോക്കെയോ ,ചില കൂട്ടയ്മക്ല്‍ക്കിടയിലും...മരണത്തിലും മാത്രം ഞാന്‍ അറിഞ്ഞിരുന്ന ഈ പെണ്‍കുട്ടി.......എന്നിട്ടുമെന്തേ.എന്റെ കണ്ണുകള്‍ ഈ കുറിപ്പ്കള്ക്കിടയിലൂടെ നടക്കുമ്പോള്‍ തോരാതെ പെയ്തിരുന്നത്,,,,,മനസ്സില്‍ എപോഴോക്കെയോ നിറഞ്ഞിരുന്ന അഹങ്കരങ്ങളുടെ ചില്ലകള്‍ ഒന്നൊന്നായി ഒടിഞ്ഞു വീഴ്ന്നത് ഞാന്‍ അറിയുന്നു.രമ്യ ജീവിക്കുന്നുണ്ട് സൂരജേട്ടാ തീര്‍ച്ചയായും...ജീവിക്കുമ്പോള്‍ കാര്‍ന്നു തിന്ന വേദനകളില്ലാതെ സ്വസ്ഥമായി......
ReplyDeleteസൂരജ് തന്ന നമ്പറില്‍ ഒരിക്കല്‍ ഞാനും വിളിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.
ReplyDeleteഇപ്പോല്‍ ഇതു വായിക്കുമ്പോല്‍ കണ്ണു നിറയുന്നുമുണ്ട്!
entha parayuka... sherikkum kannu niranju poyi...
ReplyDeletedaivangal pande ingane aanu...maha krooranmar aanu avar...
nalla manushyare avar enerathe vilikkum enna vadathodu enikku yojippilla...bheerukkalaanavar.. kallanmareyum kollakkareyum thodan avarkku pediyanu...pavangale kurukkittu pidikkukayum cheyyum............
manushaynte manassu vaayikkan avarkku kazhivilla...
ingane oral jeevichirunnu...itrayokke aayirunnu ennu nerathe ariyan kazhinjaillallo enna vishamam baakki nilkkunnu...
august 6,2010....8pm...
ReplyDelete"വിഷമിക്കല്ലേ മോളെ .......ഒക്കെ ശരിയാകും ....വേദന ഒക്കെ മാറും......"
മാറിൽ ചേർന്നിരുന്ന് അവൾ എന്നെ സൂക്ഷിച്ചു നോക്കി ....
(ആ കണ്ണുകളുടെ ആഴം എന്നെ ഭയപ്പെടുത്തി .....)
ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ... പതിയെ മുഖം താഴ്ത്തി ..അവളെന്റെ ഹൃദയത്തോട് മന്ത്രിച്ചു ...
"....എന്റെ വിഷമമൊക്കെ മാറി ചേച്ചി .....
പ്രിയ സൂരജ് .....
ReplyDeleteഒരിക്കലും വറ്റാതിരിക്കട്ടെ നിന്നിലെ നന്മയുടെ ഉറവ ......
ഇനിയുമൊരായിരം ശലഭങ്ങൾ നിനക്കായി കാത്തിരിക്കുന്നു ......
ആശംസകൾ...........
രമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സിനു നന്ദി...............
ReplyDeletewot shud i say......kannu niranju poyi....etrayo nalukal orkutilum facebookilum okke chatting nte vazhiye samayam kalanjathorthu....ramyaye polulla poombattakalkku niram pakaran pattathe poyathine orthu............kuttabhotham thonnunuuuu..........
ReplyDeleteeach nd evry line r touching.....ramya poombattayayi ee lokam ormikkappedumpol sooraj ettan vayanakkarude hridayangalilekkanu chekkerunnathu........its so awesom........gr8...
ചില യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല ..!
ReplyDeleteഅതിന് കാരണം സഞ്ചാരി ഉള്‍ക്കൊണ്ടിരിക്കുന്ന
ഊര്‍ജത്തിന്റെ വ്യത്യസ്ത സ്വഭാവം തന്നെയാണ് ..
അതിനെ തോല്‍പ്പിക്കാന്‍ ഒന്നിനും ആവില്ല ..!
മരണത്തിന് പോലും ...!
രമ്യ ഇപ്പോഴും ജീവിക്കുന്നു ...!
ഇതുവഴി ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ...!
വേണ്ടായിരുന്നു സൂരജ്. എനിക്കീ ലിങ്ക് വേണ്ടായിരുന്നു. എന്തൊക്കെയോ ഓര്‍മ്മയുടെ പിന്നാമ്പുറത്ത് കേട്ടറിഞ്ഞ ഊര്‍ജ്ജസ്വലയായ രമ്യയുടെ രൂപം മാത്രം മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ മടങ്ങിക്കോട്ടെ.. അവള്‍ക്കായി ഇനി പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല്ലെന്നറിയാം. പക്ഷെ അര്‍ത്ഥമില്ലാത്ത ജീവിതം നയിക്കുകയാണല്ലോ നമ്മള്‍. അതുകൊണ്ട് രമ്യ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടെന്ന വിശ്വാസത്തോടെ.. ആ ശലഭായനം ഒരിക്കലും കഴിയില്ല എന്ന ഉറപ്പോടെ....
ReplyDeleteആശുപത്രി അനുഭവങ്ങള്‍ ശീലമായി-icu വാതില്‍ തുറന്നു ബന്ധുക്കളോട് പറയുമ്പോള്‍ ഒക്കെ ഇപ്പൊ ഒരുതരം മരവിപ്പാണ്,ഈ ചെറുപ്രായത്തിലേ profession കാരണം മരണങ്ങള്‍ ഒരുപാട് കണ്ടു.....പക്ഷെ രെമ്യമാര്‍ എന്നും മനസ്സിന്‍റെ ഉള്ളിലിരുന്നു കരയുന്നു സൂരജേട്ടാ ,'
ReplyDeleteഅപ്പോഴൊക്കെ ഞാന്‍ പ്രോഫെഷനലുകളുടെ കൂട്ടത്തില്‍ ഒറ്റപെട്ട് പോകുന്നു...
വല്ലാത്ത വേദനയുണ്ടാക്കി സ്നേഹിതാ..............
ReplyDeleteWho are we... to stop the eternal truth...
ReplyDeleteWe can only hope to maintain the spirit of this lovely lady...Life=ramya, .....sooraj commendable work.
“സ്നേഹിക്കപ്പെട്ടവര്‍ മരണത്തിനപ്പുറവും ജീവിച്ചുകൊണ്ടേയിരിക്കുന്നു. . . .”
ReplyDeleteorikkal vaayichathaanu...annu comments ezhuthaan manasanuvadichillaa....remya ...orikkalum kanaathirinnittum aval jeevichukaanaan kanneerode prathichavarude koottathil njaanum undaayirunnu...jeevitham ingineyaannu....evideykko kaipidichunadathunnu...areyokkeyo nammude priyapettavaraakkunnu....salabhathinte ormakal marikkaathirikkatte
ReplyDeleteകണ്ണീര്‍ സ്പര്‍ശമുള്ള ഒരു ഓര്‍മ്മ.
ReplyDeleteഒപ്പം അനുഭവിച്ച ആള്‍ക്ക് ഈ കുറിപ്പിലൂടെ ഓര്‍മ്മയുണ്ടാക്കുന്ന പൊള്ളല്‍ പകര്‍ന്നു നല്‍കാനാവുന്നുണ്ട്.
ReplyDeleteപ്രിയ സൂരജ്,
ഒരു കമന്റെഴുതി ഞാനിതു മറക്കും എനിക്കു വേദനിക്കാന്‍ വയ്യ !